ജൂൺ ഒന്ന് മുതൽ വിമാനങ്ങളിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാർ; ടിക്കറ്റ് നിരക്ക് വർധിക്കും
text_fieldsന്യൂഡൽഹി: ആഭ്യന്തര സർവിസ് നടത്തുന്ന വിമാനങ്ങളിൽ ജൂൺ ഒന്ന് മുതൽ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. വർധിച്ചുവരുന്ന കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുതിയ നിർദേശം പുറത്തിറക്കിയത്. നിലവിൽ 80 ശതമാനം സീറ്റുകളിൽ യാത്രക്കാരെ അനുവദിച്ചിരുന്നു.
സീറ്റ് കുറയുന്നതോടൊപ്പം വിമാന നിരക്കിലും വർധനവ് വരും. കഴിഞ്ഞവർഷം രണ്ട് മാസത്തെ ഇടവേളക്കുശേഷം 2020 മേയ് 25നാണ് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 33 ശതമാനം സീറ്റുകളിൽ മാത്രമാണ് ആളുകളെ കയറ്റിയിരുന്നത്. എന്നാൽ, ഡിസംബറോടെ സീറ്റ് പരിധി ക്രമേണ 80 ശതമാനം വരെ വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.
ഇപ്പോൾ കോവിഡ് കേസുകൾ വർധിക്കുകയും പല സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2021 ഫെബ്രുവരി 28ന് 3.13 ലക്ഷം ആഭ്യന്തര വിമാന യാത്രക്കാരുണ്ടായിരുന്നുവെങ്കിൽ മേയ് 25ന് അത് 39,000 ആയി കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത്.
ജൂൺ ഒന്ന് മുതൽ 40 മിനിറ്റിനുള്ളിൽ ദൂരമുള്ള സർവിസുകളുടെ കുറഞ്ഞ നിരക്ക് 13 ശതമാനം വർധിപ്പിച്ച് 2300ൽനിന്ന് 2600 ആയി ഉയർത്തി. 40 മുതൽ 60 മിനിറ്റ് വരെയുള്ള സർവിസുകൾക്ക് 2900ന് പകരം 3300 രൂപയായിരിക്കും കുറഞ്ഞനിരക്ക്. കൂടാതെ 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെ സമയപരിധിയിൽ സർവിസ് നടത്തുന്ന വിമാനങ്ങൾക്ക് യഥാക്രമം 4000, 4700, 6100, 7400, രൂപ 8700 രൂപ എന്നിങ്ങനെയായിരുക്കും കുറഞ്ഞനിരക്ക്.
നിലവിൽ 60-90, 90-120, 120-150, 150-180, 180-210 മിനിറ്റികൾക്കിടയിലുള്ള ആഭ്യന്തര വിമാന സർവിസുകൾക്ക് യഥാക്രമം 3500 രൂപ, 4100 രൂപ, 5300 രൂപ, 6400 രൂപ, 7600 രൂപ എന്നിങ്ങനെയാണ് തുക.
കഴിഞ്ഞവർഷം മെയ് 25ന് സർവിസുകൾ പുനരാരംഭിക്കുമ്പോൾ സർവിസുകളുടെ സമയം അടിസ്ഥാനമാക്കി ചുരുങ്ങിയും പരമാവധിയുമായ നിരക്ക് നിജപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.