അവിടെ പോസിറ്റിവ്, ഇവിടെ നെഗറ്റീവ്; എന്തിനാണ് വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ ടെസ്റ്റെന്ന് യാത്രക്കാർ
text_fieldsകരിപ്പൂർ: ഒരു വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ആയവർ മറ്റൊരു വിമാനത്താവളത്തിൽ പരിശോധിക്കുമ്പോൾ നെഗറ്റിവാകുന്ന മറിമായം നിലനിൽക്കെ, വൻതുക കൊടുത്ത് റാപിഡ് പി.സി.ആർ ടെസ്റ്റിന് നിർബന്ധിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയ റാപിഡ് പി.സി.ആർ കോവിഡ് പരിശോധനകൾ പിൻവലിക്കണമെന്നാണ് ആവശ്യം.
മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കടക്കം യാത്ര പുറപ്പെടുന്നതിന് 72 മുതൽ 42 വരെ മണിക്കൂർ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ മതി. എന്നാൽ, യു.എ.ഇയിലേക്ക് ഇതിന് പുറമെ വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് പി.സി.ആർ പരിശോധനയും നെഗറ്റിവാകണം. യു.എ.ഇ നിർദേശത്തെ തുടർന്ന് 2021 ആഗസ്റ്റ് മുതലാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന് സൗകര്യം ഒരുക്കിയത്.
ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചവർക്ക് വിമാനത്താവളത്തിലെത്തി നടത്തുന്ന റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ഫലം ലഭിക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവാകുന്നതോടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ്.
റാപിഡ് പി.സി.ആറിന് വ്യത്യസ്ത നിരക്കാണ് വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. കരിപ്പൂരിൽ 1580 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ മറ്റു മൂന്ന് വിമാനത്താവളങ്ങളിലും 2490 രൂപയാണ്. ഡൽഹി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഉയർന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റാപിഡ് പി.സി.ആർ പരിശോധന നിർത്തിവെക്കണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തോത് പരിഗണിച്ച് പിൻവലിക്കമെന്നായിരുന്നു മറുപടി.
ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചാൽ ശരീരത്തിൽ വൈറസ് സാന്നിധ്യമില്ല എന്നല്ല, പകരം നിശ്ചിത പരിധിയിൽ താഴെയാണ് എന്നാണെന്നും റാപിഡ് പി.സി.ആറിൽ ശരീരത്തിൽ വളരെ നേരിയ അളവിലുള്ളതായാലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.