വിനോദസഞ്ചാരികളുടെ മനംകവർന്ന് പെരുന്തേനരുവി
text_fieldsവടശ്ശേരിക്കര: മഴയും വെള്ളപ്പൊക്കവും ഒഴിഞ്ഞു പമ്പാനദി തെളിഞ്ഞതോടെ തണുത്ത നീരാവി പതഞ്ഞുപൊങ്ങുന്ന പെരുന്തേനരുവിയുടെ ഇരുകരയിലും കാഴ്ചക്കാരുടെ എണ്ണം വർധിക്കുന്നു.
അത്തിക്കയം-പെരുന്തേനരുവി റോഡിലെ ചണ്ണ മുതൽ പെരുന്തേനരുവി വരെയുള്ള വഴി കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കുകയും പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണക്ക് മുകളിലൂടെ തൊട്ടടുത്തുള്ള നവീണരുവിയുടെ ഭംഗി നുകർന്ന് ചെറിയ വാഹനങ്ങളുടെ യാത്രയും സാധ്യമായതോടെയുമാണ് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന.
വെള്ളപ്പൊക്കം കഴിഞ്ഞതോടെ നദീ തീരത്തെ മണ്ണും ചളിയും മാലിന്യവുമെല്ലാം ഒലിച്ചുപോയി. തെളിഞ്ഞ പാറയിടുക്കിൽ കൂടി ഹുങ്കാര ശബ്ദമുയർത്തി പകർന്നൊഴുകുന്ന പെരുന്തേനരുവിയിൽ നട്ടുച്ചക്കുപോലും കാഴ്ചക്കാരെത്തുന്നുണ്ട്.
ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളായ നാറാണംമൂഴി പഞ്ചായത്തിലും വെച്ചൂച്ചിറ പഞ്ചായത്തിനും മധ്യത്തിലായാണ് പെരുന്തേനരുവി. ഇതിൽ നാറാണംമൂഴി ഭാഗത്ത് ശബരിമല വനവും വെച്ചൂച്ചിറ ഭാഗത്തു ജനവാസ മേഖലയുമാണ്. പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നി വഴിയും വശ്ശേരിക്കര പെരുനാട് അത്തിക്കയം കുടമുരുട്ടി വഴിയും പെരുന്തേനരുവിയിലെത്താം. കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക് എരുമേലി മുക്കൂട്ടുതറ വഴിയും വെച്ചൂച്ചിറ വഴിയും പെരുന്തേനരുവിയിലെത്താം. പുതിയ തീരദേശ റോഡ് തുറന്നതോടെ ഇടുക്കി ഈരാറ്റുപേട്ട ഭാഗങ്ങളിൽനിന്ന് കോരുത്തോട് കണമല ഇടകടത്തി വഴിയും പെരുന്തേനരുവിയിലെത്താം.
മിനുസമാർന്ന പാറകളിൽ കൂടി വെള്ളച്ചാട്ടത്തിെൻറ തൊട്ടടുത്തുവരെ എത്താൻ സാധിക്കുമെങ്കിലും ഇത് അപകടത്തിന് വഴിയൊരുക്കും. പുറമെ ശാന്ത ഗംഭീര സൗന്ദര്യമാണെങ്കിലും കൂടുതൽ അടുക്കാൻ ശ്രമിച്ച നിരവധിപേരുടെ ജീവൻ പെരുന്തേനരുവി കവർന്നെടുത്തിട്ടുണ്ട്.
അടിയൊഴുക്കും ചുഴികളും തിരിച്ചറിയാതെ ദൂരെ നിന്നെത്തുന്ന വിനോദസഞ്ചാരികളാണ് കൂടുതലും അപകടത്തിൽപെടാറുള്ളത്. ഇവിടെ സുരക്ഷ ഉദ്യോഗസ്ഥരെയും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വനത്തിലും നദീതീരത്തും ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ ഗാർഡുകളെയും മറ്റും നിയമിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.