പോളച്ചിറയുടെ ടൂറിസം സ്വപ്നങ്ങൾ മങ്ങി
text_fieldsചാത്തന്നൂർ: ദേശാടനപക്ഷികൾ മനോഹര കാഴ്ച തീർക്കുന്ന പോളച്ചിറ ഏലാ ടൂറിസം വികസന പദ്ധതി നടപ്പിലാകാൻ കാത്തിരിക്കേണ്ടിവരും. പ്രകൃതി രമണീയമായ പോളച്ചിറയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഏലായുടെ തീരത്ത് സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും മുടങ്ങിയ നിലയിലാണ്.
പ്രകൃതിസുന്ദരവും മത്സ്യസമ്പത്തിന്റെ കേന്ദ്രവുമായ പോളച്ചിറയിൽ ടൂറിസത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ചാൽ ചിറക്കര പഞ്ചായത്തിൽ വികസന സാധ്യതകളും തൊഴിലവസരങ്ങളും കടന്നുവരുമെന്ന് നാട്ടുകാർ പറയുന്നു.
പോളച്ചിറയ്ക്ക് കുറുകെ റോപ് വേ, ചുറ്റുമുള്ള പത്ത് കിലോമീറ്ററിലേറെയുള്ള ബണ്ട് റോഡ് വഴി കുതിര സവാരി എന്നിവ നടപ്പാക്കണം. പക്ഷി നിരീക്ഷണത്തിനായി വാച്ചിങ് ടവറുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗതാഗത സൗകര്യം എന്നിവയൊക്കെ ആവശ്യമാണ്.
ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, കൾച്ചറൽ ടൂറിസം, ഹോം സ്റ്റേ പദ്ധതികൾ നടപ്പിലാക്കിയാൽ വിനോദസഞ്ചാര സാധ്യതകൾ വർധിക്കുകയും പ്രദേശവാസികൾക്ക് ടഉപജീവനമാർഗവും ഒരുങ്ങുകയും ചെയ്യും.
രണ്ടായിരം ഏക്കറിലേറെ വിസ്തൃതിയുള്ള, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പൊക്കാളി പടശേഖരമാണ് പോളച്ചിറ ഏലാ. വർഷത്തിൽ ഒരുതവണ നെൽകൃഷിയും മറ്റുള്ള സമയങ്ങളിൽ പരമ്പരാഗത നാടൻ മത്സ്യകൃഷിമാണ് ഇവിടെയുള്ളത്.
നവംബറോടെ ദേശാടന പക്ഷികളാണ് കൂട്ടമായി എത്തും. ഏപ്രിലോടെ കുഞ്ഞുങ്ങളുമായി പോകുകയാണ് പതിവ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സുന്ദര കാഴ്ചകളാണ് പോളച്ചിറ ഏലായിലും പരിസരപ്രദേശങ്ങളിലുമായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.