തുടക്കത്തിലേ പാളി അടൂരിലെ വിനോദസഞ്ചാര പദ്ധതികള്‍
text_fieldsചരിത്രവും ഐതിഹ്യങ്ങളും പ്രകൃതിമനോഹാരിതയും കലയും സാംസ്കാരികവും കായികവുമെല്ലാം സമ്മേളിക്കുന്ന അടൂരില്‍ ഗ്രാമീണ വിനോദസഞ്ചാര പദ്ധതികള്‍ക്ക് സാധ്യതയേറെ. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് തുടങ്ങിയതും ഇടക്ക് നിന്നുപോയതും തുടങ്ങുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയതുമായ ഒട്ടേറെ വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഉണര്‍വേകാന്‍ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകം.
അടൂര്‍ പുതിയകാവില്‍ ചിറ ടൂറിസം പദ്ധതിയെക്കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷത്തിലേറെയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടൂര്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ തുടക്കംകുറിച്ച പദ്ധതിക്ക് അഞ്ചുകോടിയിലധികം ഇതുവരെ മുടക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. ചിറ പായല്‍ കയറി തീരങ്ങള്‍ കാടുകയറിക്കിടക്കുന്നു.
വിശാലമായ ചിറയുടെ മൂന്നതിരുകളില് നടപ്പാത പണിതിട്ടുണ്ട്. ടൈല്‍ ഇട്ട നടപ്പാത ഭൂരിഭാഗവും തകര്‍ന്നു. കുട്ടികള്‍ക്കായി സ്ഥാപിച്ച കളിക്കോപ്പുകള്‍ നശിച്ചു. 2017ല്‍ 105കോടിയുടെ പദ്ധതിയാണ് ചിറയില്‍ നടത്താന്‍ അന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ലക്ഷ്യമിട്ടത്. ഇതിനായി രൂപരേഖയും തയാറാക്കിയിരുന്നു. അതും നടന്നില്ല. പുനരുജ്ജീവനത്തിന് അഞ്ച് കോടിയുടെ പദ്ധതി സംസ്ഥാന ബജറ്റില്‍ അനുവദിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇവിടുത്തെ കാടെങ്കിലും വെട്ടിത്തെളിച്ചാല്‍ പ്രഭാത-സായാഹ്ന നടത്തത്തിനെങ്കിലും സഹായകമായേനെയെന്ന് നാട്ടുകാർ പറയുന്നു. ഡി.ടി.പി.സി നിയന്ത്രണത്തില്‍ നടത്തിയിരുന്ന ഹോട്ടലും പൂട്ടി.
ഏറത്ത് ഗ്രാമപഞ്ചായത്തില്‍ മണക്കാലയില്നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സഞ്ചാരികളെത്തുന്ന ഇടമാണ് നെടുംകുന്ന് മല. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും ഏറെ ഐതിഹ്യങ്ങള്‍ നിറഞ്ഞതുമാണ് നെടുംകുന്ന് മല.
ഇവിടെ വിനോദസഞ്ചാര പദ്ധതിക്ക് നേരത്തേ പദ്ധതി തയാറായതാണ്. വികസനത്തിന് ഒന്നരക്കോടി ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. വാച്ച് ടവര്‍, കണ്വെന്ഷന് സെൻറര്‍, ഭക്ഷണശാല, റോപ് വേ, കുട്ടികള്‍ക്ക് വിനോദവിജ്ഞാനകേന്ദ്രം തുടങ്ങിയവ നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒന്നും നടന്നില്ല. എട്ടേക്കറോളം വിസ്തൃതമായതും പ്രകൃതിദത്തമായതുമായ ജലസ്രോതസ്സാണ് പള്ളിക്കല്‍ ആറാട്ടുചിറ. ചുറ്റുവട്ടത്ത് നിവധി കാവുകളും വയലേലകളുമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണെൻറ ജന്മനാടുകൂടിയായ ഇവിടം അദ്ദേഹത്തിെൻറ ചലച്ചിത്രങ്ങളുടെ ഇഷ്ട ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്.
ഇവിടെ ബോട്ടിങ്, ഭക്ഷണശാല, കോട്ടേജുകള്‍ എന്നിവ ഉള്‍പ്പെടുത്തി പലപ്പോഴായി വിനോദസഞ്ചാര പദ്ധതികള്‍ വിഭാവനം ചെയ്തെങ്കിലും നടപ്പായില്ല. (അവസാനിച്ചു)
ഏനാദിമംഗലത്തിെൻറ യോഗ്യത അധികൃതർ കാണുന്നില്ല
ഏനാദിമംഗലം ഗ്രാമം മിനി മൂന്നാര്‍ എന്ന് അറിയപ്പെടുന്നു. ഇപ്പോള്‍ തന്നെ സന്ദര്‍ശകര്‍ ഏറെ ഇവിടെ എത്തുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രമാകാനുള്ള എല്ലാ യോഗ്യതകളും ഏനാദിമംഗലത്തിനുണ്ട്. കോട്ടമലപ്പാറ, അഞ്ചുമലപ്പാറ, ഇരപ്പന്‍പാറ വെള്ളച്ചാട്ടം, സ്കിന്നര്‍പുരം റബര്‍ എസ്റ്റേറ്റ്, ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പൂതങ്കര എന്നിവിടങ്ങള്‍ ബന്ധപ്പെടുത്തി ഗ്രാമീണ വിനോദസഞ്ചാരം സാധ്യമാക്കാന്‍ കഴിയും. പ്രദേശത്തെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങളില്‍ ഒന്നാണ് അഞ്ചുമലപ്പാറ. ഇവിടെ നിന്നാല്‍ ചുറ്റുമുള്ള പ്രദേശങ്ങളുടെ സുന്ദരമായ കാഴ്ചകള്‍ കാണാം. ഇടക്ക് മഞ്ഞ് പൊഴിയുന്നതും ഉദയാസ്തമയ കാഴ്ചകളും മറ്റു പ്രത്യേകതകളാണ്.
കാഴ്ചക്ക് വിരുന്നും മനസ്സിനും ശരീരത്തിനും കുളിര്‍മയുമേകുന്ന ഇരപ്പന്‍പാറ വെള്ളച്ചാട്ടം ഏനാദിമംഗലം മങ്ങാട് വാര്‍ഡിലാണ്. പ്രകൃതിയുടെ വരദാനമാണ് ഈ വിസ്മയക്കാഴ്ച. കാലവര്‍ഷമുള്‍പ്പെടെ മഴക്കാലത്ത് ഇരപ്പന്‍പാറയില്‍ സന്ദര്‍ശകര്‍ ധാരാളമായി എത്തിച്ചേരാറുണ്ട്. ചെറിയ തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴ്ചയിലുള്ള അടുക്കടുക്കായ പാറകളില്‍ പതിച്ചശേഷം പതഞ്ഞുറഞ്ഞ് വലിയ തോട്ടിലൂടെ ഒഴുകുന്നത് മനോഹര കാഴ്ചയാണ്. അരഡസനിലേറെ ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇവിടം. വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കാനും വിദ്യാര്‍ഥികളടക്കമുള്ള വിനോദസഞ്ചാരികളും ഇവിടെയെത്തുന്നു.അടൂര്‍ നഗരസഭയിലും ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലും ഏറെ സാധ്യാമാക്കാവുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികളും ഡി.ടി.പി.സിയും മുന്‍കൈയെടുക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.