കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ: രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരുടെ 'ബി2ബി' മീറ്റ് കോവളത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനകരമായ പാക്കേജുകള്‍ തയാറാക്കാനും ടൂറിസം പങ്കാളികളുമായുള്ള സഹകരണം ഉറപ്പിക്കാനുമായി രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാര്‍ കോവളത്ത് വെള്ളിയാഴ്ച ഒത്തുചേരും. കേരള ടൂറിസത്തിന്‍റെ പിന്തുണയോടെ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറവും (എസ്.കെ.എച്ച്.എഫ്) കൊച്ചി ആസ്ഥാനമായ ടൂറിസം പ്രഫഷനല്‍സ് ക്ലബും (ടി.പി.സി) സംയുക്തമായാണ് മൂന്നുദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡെസ്റ്റിനേഷന്‍ പ്രമോഷന്‍, ബി 2 ബി മീറ്റ്, കോവളം, പൂവാര്‍, വര്‍ക്കല എന്നിവിടങ്ങളിലെ പ്രധാന ടൂറിസം ആകര്‍ഷണങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടും. വ്യവസായ പങ്കാളികളുമായുള്ള ടൂര്‍ ഓപറേറ്റര്‍മാരുടെ ബി2ബി മീറ്റ് ജനുവരി ഏഴിന് വൈകുന്നേരം നാലിന് കോവളം കെ.ടി.ഡി.സി സമുദ്ര റിസോര്‍ട്ടില്‍ നടക്കും.
ഗുജറാത്ത്, ഡല്‍ഹി, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ പ്രധാന ടൂറിസം വിപണികളില്‍നിന്നുള്ള 120ലധികം ട്രാവല്‍ ഏജന്‍റുമാരും ടൂര്‍ ഓപറേറ്റര്‍മാരും സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നല്‍കുന്ന പരസ്പര പ്രയോജനകരമായ തന്ത്രങ്ങളും പാക്കേജുകളും തയാറാക്കാൻ ഹോട്ടല്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ടൂറിസം പങ്കാളികളുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്ത കേരളത്തിലെ ടൂറിസം വ്യവസായത്തില്‍ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാര്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നത് ശുഭസൂചനയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡിനുശേഷം പുനരുജ്ജീവനം നേടിയ സംസ്ഥാന ടൂറിസം മേഖലക്ക് ഈ കാമ്പയിന്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു. പ്രചാരണ പരിപാടിയിലൂടെ തെക്കന്‍ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കൂടുതല്‍ വിനോദസഞ്ചാരികളെ യാത്രകള്‍ക്ക് പ്രചോദനമേകുന്ന വിധം നവീകരിച്ച യാത്രാ പദ്ധതികള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി ജനറല്‍ മനോജ് ബാബു പറഞ്ഞു.
ട്രാവല്‍ ഏജന്‍റ് അസോസിയേഷന്‍ ഓഫ് കോയമ്പത്തൂര്‍, ടൂര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് തെലങ്കാന, എന്‍റര്‍പ്രൈസിങ് ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായ പ്രധാന ടൂര്‍ ഓപറേറ്റര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.