ലക്ഷ്യം കാണാതെ പുളിമൂട്ടിൽ കടവ് ടൂറിസം പദ്ധതി
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് ടൂറിസം പദ്ധതി പ്രാദേശിക ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടുമൂലം അവതാളത്തിൽ. ഇതുമൂലം സർക്കാർ വൻ തുക ചെലവിട്ട് നടത്തിയ നിർമിതികൾ നശിക്കുന്നു. ടൂറിസം വികസനത്തിന് വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ട് വിനിയോഗിച്ച് വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ, പദ്ധതി നടത്തിപ്പിന് മുന്നോട്ട് വരുന്ന നിക്ഷേപകരെ പ്രാദേശിക ഭരണകൂടം നിരുത്സാഹപ്പെടുത്തുകയും തടസ്സവാദങ്ങൾ ഉന്നയിക്കുകയുമാണ്.
നിരവധി സ്വകാര്യ സംരംഭകർ രംഗത്ത് വന്നെങ്കിലും പഞ്ചായത്ത് നിരത്തുന്ന നൂലാമാലകളെതുടർന്ന് പിന്മാറുന്നു. സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോഓപറേറ്റിവ് സൊസൈറ്റിയും ഇത് ഏറ്റെടുത്തു നടത്താൻ സന്നദ്ധത അറിയിച്ച് ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരുന്നു.
എന്നാൽ, ബോട്ട് അടുപ്പിക്കുന്നതിനുള്ള അനുമതിപോലും പഞ്ചായത്ത് നിഷേധിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് സഹകരണ സ്ഥാപനത്തെ ഒഴിവാക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന് കീഴിലാണ് നിലവിൽ കടവും നിർമിതികളും. അതിനാലാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയെ തടഞ്ഞത്.
വാമനപുരം നദീ തീരത്താണ് പുളിമൂട്ടിൽ കടവ്. കഠിനംകുളം, അഞ്ചുതെങ്ങ് കായലിന്റെ പ്രവേശന കവാടം കൂടിയാണിത്. കഠിനംകുളം കായലോര വിനോദസഞ്ചാര പദ്ധതിയുടെ കേന്ദ്ര സ്ഥാനമായി കണ്ട് ഒരു പതിറ്റാണ്ട് മുമ്പ് ഇവിടെ ബോട്ട് ജെട്ടി നിർമിച്ചു. ഇതിനുശേഷം സന്ദർശകർക്ക് ഇരിക്കാൻ നദിക്ക് അഭിമുഖമായി പവലിയൻ, ഓപൺ എയർ ഓഡിറ്റോറിയം, ശുചിമുറികൾ, അനുബന്ധ മുറികൾ എന്നിവ നിർമിച്ചിരുന്നു. ഇതിനുശേഷം സംസ്ഥാന സർക്കാർ കെ.ടി.ഡി.സിയുടെ കീഴിൽ അഞ്ച് സ്പീഡ് ബോട്ടുകൾ ഇവിടെ എത്തിച്ചിരുന്നു. എന്നാൽ, അമിതമായ നിരക്ക് കാരണം സഞ്ചാരികൾ ബോട്ട് ഒഴിവാക്കി.
പിന്നീട് ബോട്ട് ഇവിടെനിന്ന് പിൻവലിക്കുകയും ചെയ്തു. ഇതിൽ ഒരു സ്പീഡ് ബോട്ട് വെള്ളം കയറി നശിച്ചിരുന്നു. ഇത് ഇവിടെ ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്. നിലവിൽ ഓണക്കാലത്ത് ജലോത്സവം മാത്രമാണ് ഇവിടെ നടക്കുന്നത്. കുട്ടികളുടെ പാർക്ക് ഏറക്കുറെ നശിച്ചു കഴിഞ്ഞു. അറ്റകുറ്റപ്പണികളോ സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ പവലിയൻ പരിസരം മുഴുവൻ കാട് കയറി. ഇൻറർലോക്ക് മുഴുവൻ ഇളകി ആൽ മരം കിളിർത്തു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നേരിട്ട് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ ബജറ്റിലും പഞ്ചായത്ത് ഇത് വാഗ്ദാനം ചെയ്തിരുന്നു. അധികൃതരുടെ നിസ്സംഗതമൂലം കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചെലവഴിച്ച കോടികൾ പാഴായിട്ടും പ്രശ്നപരിഹാരത്തിന് ഇടപെടൽ ഉണ്ടാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.