വന്യജീവികൾ എത്തുന്നു, പുത്തൂരിന്റെ വിശാലതയിലേക്ക്
text_fieldsതൃശൂർ: വിനോദ സഞ്ചാര ഭൂപടത്തിൽ തൃശൂർ ജില്ലയുടെ തിലകക്കുറിയാകാനൊരുങ്ങി പുത്തൂർ സുവോളജിക്കൽ പാർക്ക്. തൃശൂർ മൃഗശാലയിൽനിന്നുള്ള പക്ഷി മൃഗാദികളെ എത്തിക്കാനുള്ള പ്രവർത്തനത്തിന് ഒക്ടോബർ രണ്ടിന് തുടക്കമാകും. പക്ഷിമൃഗാദികളുടെ തനത് ആവാസ വ്യവസ്ഥയും സന്ദർശകർക്ക് സൗകര്യവും ഒരുക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾ 70 ശതമാനത്തിലധികം പൂർത്തിയായി. തൃശൂരിൽനിന്നും മറ്റു മൃഗശാലകളിൽനിന്നുമുള്ള ജീവികളെ എത്തിക്കുന്ന നടപടി പൂർത്തിയാക്കിയ ശേഷം അടുത്തവർഷം പകുതിക്ക് മുമ്പ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. തൃശൂർ മൃഗശാലയിലെ ജീവികളെ പുത്തൂരിലേക്ക് മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അന്തിമാനുമതി ലഭിച്ചതോടെയാണ് ഇതിനായി നടപടി ആരംഭിച്ചത്. തിങ്കളാഴ്ച മയിലുകളെയാണ് ആദ്യം പുത്തൂരിലേക്ക് മാറ്റുന്നത്.
സീബ്ര മുതൽ അനാകോണ്ട വരെ
തൃശൂർ മൃഗശാലയിൽനിന്നുള്ള ജീവികൾക്കുപുറമെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും കൂടുതൽ അതിഥികൾ പുത്തൂരിൽ എത്തും. നഗരമധ്യത്തിലാണ് തൃശൂർ മൃഗശാലയുടെ പ്രവർത്തനം. 13 ഏക്കറാണ് സ്റ്റേറ്റ് മ്യൂസിയവും മൃഗശാലയും ചേർന്നുള്ള വിസ്തൃതി. 1885ൽ സ്ഥാപിതമായ ഈ മൃഗശാലയിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി അഞ്ഞൂറിലധികം ജീവികളാണുള്ളത്.
സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന ഇവിടെനിന്നുള്ള ജീവികളെയാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. തിരുവനന്തപുരം മൃഗശാലയിൽനിന്ന് കാട്ടുപോത്തുകളും ഹിമാചൽ പ്രദേശിൽനിന്ന് ഹിമക്കരടികളും എത്തും. ഇതോടൊപ്പം നിലവിൽ തൃശൂരിലില്ലാത്ത മൃഗങ്ങളെ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിക്കും.
സീബ്ര, ജിറാഫ്, അനകോണ്ട, എലാൻഡ് എന്നിവയെ വിദേശത്തുനിന്ന് എത്തിക്കും. വിദേശ മൃഗശാലകളിൽനിന്ന് പക്ഷി- മൃഗാദികളെ കൊണ്ടുവരാൻ ഏറെ നിയമക്കുരുക്കുകളുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇവയെ എത്തിക്കാൻ. ഇതിനായി താൽപര്യപത്രം ക്ഷണിച്ചപ്പോൾ ഇത് കൈകാര്യം ചെയ്ത് പരിചയമുള്ള നാല് ഏജൻസികൾ മുന്നോട്ട് വന്നിട്ടുണ്ട്.
ഇവരുമായി ചർച്ച നടത്തി ഉചിതമായ ഏജൻസിയെ ചുമതലപ്പെടുത്തും. ആഫ്രിക്കയിൽനിന്നുള്ള മൃഗങ്ങളെ പാർപ്പിക്കാൻ സുലു വില്ലേജ് മാതൃകയിലാണ് ആവാസ വ്യവസ്ഥ ഒരുക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയാണ് പുത്തൂരിൽ ഒരുങ്ങുന്നത്. 136.85 ഹെക്ടറാണ് ആകെ വിസ്തൃതി. ഇതിൽ മുളങ്കാട് നിലനിന്ന മണ്ണൂർ റിസർവിൽ 45 ഹെക്ടറിലാണ് ആദ്യഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരം സംരക്ഷണ ഭിത്തി കെട്ടി കമ്പിവേലിയും ഘടിപ്പിച്ച് വേർതിരിച്ചാണ് നിലവിൽ വന്യജീവികൾക്ക് ആവാസ വ്യവസ്ഥ ഒരുക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ശേഷിക്കുന്ന ഭാഗം റിസർവ് വനമായി നിലനിർത്തുമെങ്കിലും ഭാവിയിൽ സഫാരി പാർക്കാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാർക്ക് ഒരുങ്ങുന്ന പ്രദേശത്ത് ഇതിനകം 25,000 വിവിധയിനം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടുതൽ തൈകൾ വെച്ചുപിടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
സൗകര്യങ്ങളിലും മുന്നിൽ
പ്രശസ്ത ആസ്ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ആണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. നിർവഹണ ഏജൻസി സെൻട്രൽ പി.ഡബ്ല്യൂ.ഡിയാണ്. തനത് ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് നിർമാണം. ആകെ ചെലവ് 300 കോടി രൂപയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസ്സായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പുതിയ മൃഗശാലയുടെ പ്രധാന ആകർഷണീയത. ഇത്തരത്തിൽ 23ഓളം ഇടങ്ങളാണ് പുത്തൂരിൽ സജ്ജമാക്കിയത്.
ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. വിവിധയിനം മാനുകൾക്കായി മൂന്ന് വാസസ്ഥലങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സിംഹവാലൻ കുരങ്ങിനും കരിങ്കുരങ്ങിനുമായി സൈലന്റ് വാലി ഏരിയ എന്ന പേരിൽ പ്രത്യേക ഇടമുണ്ട്. ആവാസ കേന്ദ്രങ്ങളോട് ചേർന്ന് മൃഗങ്ങൾക്കുള്ള ഭക്ഷണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. മുതലകളും ചീങ്കണ്ണികളുമുള്ള ഇടം കണ്ടൽ ചെടികൾ നട്ട് സ്വാഭാവികമാക്കിയിട്ടുണ്ട്.
ദേശീയപാത മണ്ണുത്തി-വടക്കാഞ്ചേരി റീച്ചിൽ കുട്ടനെല്ലൂർ ജങ്ഷനിൽനിന്ന് 2.5 കിലോമീറ്റർ മാറിയാണ് പുത്തൂർ പാർക്ക്. പട്ടിക്കാട് വനംറേഞ്ചിന് കീഴിലാണ് ഈ പ്രദേശം. സന്ദർശകർക്കും പരമാവധി സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. റോഡിൽനിന്ന് പാർക്കിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നാല് ഗേറ്റുകളാണുള്ളത്.
ഇതിൽ നാലാം ഗേറ്റ് വഴിയാകും സന്ദർശകർക്ക് പ്രവേശനം. 16 വലിയ ബസുകൾക്കും 300 കാറുകൾക്കും ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
പാർക്കിങ് ഏരിയയോട് ചേർന്നുള്ള റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്ററിൽ ടിക്കറ്റ് കൗണ്ടർ, കഫറ്റീരിയ, ക്ലോക്ക് റൂം, ഷോപ്പിങ് സെൻറർ, ട്രാം സ്റ്റേഷൻ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ടാകും. സന്ദർശകർക്ക് മൃഗങ്ങളെ വീക്ഷിക്കാനുള്ള സന്ദർശക ഗാലറികൾ, സർവിസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ എല്ലാം പൂർത്തിയായി വരുകയാണ്. അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് സമുച്ചയം പൂർത്തിയായിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമെന്ന പ്രത്യേകതയും പാർക്കിനുണ്ട്.
നിയന്ത്രണം വന്യജീവി വകുപ്പിന്
വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ മൃഗശാലയാണിത്. മൃഗശാലയാകുന്ന പ്രദേശം റിസർവ് വനമെന്ന പദവിയിൽ തന്നെ തുടരും. അതുകൊണ്ടുതന്നെ പരമാവധി പ്രകൃതിയുമായി ഇണങ്ങി തന്നെയാവും പ്രവർത്തനവും. പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റർ ജലം പാർക്കിന്റെ പ്രവർത്തനത്തിന് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പ്രധാനമായും മണലിപ്പുഴയിലെ വെള്ളമാണ് ഉപയോഗിക്കുക.
വർഷ കാലത്ത് പുഴയിൽനിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്ററും വേനലിൽ ഒരു ലക്ഷം ലിറ്ററും എടുക്കാനാണ് അനുമതി. മഴവെള്ളം സംഭരിക്കാൻ നിർമിതികൾ ഒരുക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായ ചില ക്വാറികൾ വെള്ളം ശേഖരിക്കാൻ ഉപയോഗിക്കും. മലിനജല സംസ്കരണത്തിനും സംവിധാനമുണ്ട്. എലിവേറ്റഡ് പാതകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജം പരമാവധി പ്രയോജനപ്പെടുത്തും.
പാർക്കിനോട് ചേർന്ന് വെറ്ററിനറി ആശുപത്രി സമുച്ചയവുമുണ്ട്. ഐസോലോഷൻ, ക്വാറന്റീൻ സൗകര്യം ഇവിടെയുണ്ടാകും. നിലവിൽ പുലിക്കുട്ടി ലിയോയും ദുർഗ, വൈഗ എന്നീ കടുവകളും ഇവിടെ ചികിത്സയിലും നിരീക്ഷണത്തിലുമുണ്ട്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വനം വകുപ്പ് പിടികൂടിയ ശേഷം തിരിച്ച് വനത്തിലേക്ക് വിടാൻ കഴിയാതെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന ജീവികളെയും ഇനി പുത്തൂരിലേക്ക് കൊണ്ടുവരാനാകും.
ഒല്ലൂർ നിയമസഭ മണ്ഡലത്തിലാണ് പാർക്ക് ഉൾപ്പെടുന്ന പ്രദേശം വരുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ ജനപ്രതിനിധി കൂടിയായ മന്ത്രി കെ. രാജന്റെ സ്വപ്ന പദ്ധതി കൂടിയാണിത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിലും നിർണായക ഇടപെടലുകൾ രാജന്റെ ഭാഗത്തുനിന്നുണ്ട്. മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന ചടങ്ങ് ഉത്സവ പ്രതീതിയിലാക്കാനുള്ള ആലോചന ഉണ്ടായതും ഇദ്ദേഹത്തിൽനിന്നുതന്നെ.
പാർക്കിനെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ഡയറക്ടർ ആർ. കീർത്തിയാണ്. ഒരുവർഷം മുമ്പാണ് കീർത്തി ഡയറക്ടറായി ചുമുതലയേറ്റത്.
ചാലക്കുടി, നോർത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറായിരുന്ന കീർത്തി കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം കൺസർവേറ്ററായും പാലക്കാട് വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട്. ഡയറക്ടർക്ക് പിന്തുണയും മാർഗ നിർദേശങ്ങളുമായി സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസും പ്രധാന റോളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.