സൗദി സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി ഖത്തർ ടൂറിസം
text_fieldsദോഹ: അയൽ രാജ്യമായ സൗദി അറേബ്യയിൽനിന്നും കുടുംബങ്ങൾ ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പങ്കാളിത്തകരാറിൽ ഒപ്പുവെച്ച് ഖത്തർ ടൂറിസം. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഖത്തറിനെ ഉയർത്തിക്കൊണ്ട് വരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സൗദി സ്ഥാപനങ്ങളുമായി ഖത്തർ ടൂറിസം ധാരണയിലെത്തിയത്.
ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് റിയാദിൽ നടന്ന ചടങ്ങിലാണ് സൗദിയിലെ പ്രമുഖ ടൂർ ഓപറേറ്റർമാരായ അൽ മതാർ, അൽ മുസാഫിർ എന്നിവരുമായി ഖത്തർ ടൂറിസം പങ്കാളിത്ത കരാറുകളിൽ ഒപ്പ് വെച്ചത്. എല്ലാ വർഷവും സെപ്റ്റംബർ 27നാണ് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്.
ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനം മുൻനിർത്തി സൗദി അറേബ്യയിലെ മന്ത്രിമാരടക്കമുള്ള നേതാക്കളുമായി ഉന്നതതലത്തിൽതന്നെ ഫലപ്രദമായ ചർച്ച നടത്തിയതായും ഇവ ഫലംകണ്ടെന്നും വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കായി ഖത്തർ നടത്തുന്ന ശക്തമായ നിക്ഷേപങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ അഭിമാനിക്കുന്നതായും ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
റിയാദിൽ നടന്ന ചർച്ചകളിൽ സൗദി അറേബ്യക്ക് പുറമേ, തുർക്കിയ, ജോർഡൻ, ലെബനാൻ, ഉസ്ബകിസ്താൻ, സ്പെയിൻ, ചൈന, ലോക വിനോദസഞ്ചാര സംഘടന എന്നിവിടങ്ങളിൽനിന്നുള്ള ടൂറിസം മേഖലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
സൗദി അറേബ്യ വിനോദസഞ്ചാര വകുപ്പ് മന്ത്രി അഹ്മദ് അൽ ഖതീബ്, സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദദ്ദീൻ, തുർക്കിയ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി മെഹ്മത് നൂറി എർസോയ്, ജോർഡൻ ടൂറിസം, പുരാവസ്തുവകുപ്പ് മന്ത്രി മക്രം മുസ്തഫ അൽ ഖൈസി, ലബനാൻ ടൂറിസം മന്ത്രി വലീദ് നാസർ, ഉസ്ബെക്ക് ടൂറിസം കമ്മിറ്റി ചെയർമാൻ ഉമിദ് ഷാദിവ് തുടങ്ങിയവരാണ് ചർച്ചകളിൽ പങ്കെടുത്തത്.
വിസ സുഗമമാക്കൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുക, നിയന്ത്രണ ചട്ടക്കൂടുകൾ പരിഷ്കരിക്കുക, സംയുക്ത ടൂറിസം പ്രമോഷൻ ശ്രമങ്ങൾ ഏകോപിപ്പിക്കുക, വിനോദസഞ്ചാരികളെയും നിക്ഷേപങ്ങളും ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്തത്.
ടൂർ ഓപറേറ്റർമാരുമായുള്ള ധാരണപത്രങ്ങളിലൂടെ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഓഫിസുകളിലും ഖത്തറിന്റെ ട്രാവൽ ഡീലുകളും ലോകോത്തര വിനോദസഞ്ചാര വാഗ്ദാനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം അറിയിച്ചു. രണ്ട് ഓപറേറ്റർമാരും ഖത്തറിലെ പ്രധാന പരിപാടികൾ, ആകർഷണങ്ങൾ, റീട്ടെയിൽ, ഡൈനിങ് ഹോട്ട്സ്പോട്ടുകൾ എന്നിവ സഞ്ചാരികൾക്കിടയിൽ ഉയർത്തിക്കാട്ടും.
കൂടാതെ വരാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് 2023ന് വേണ്ടി പ്രത്യേക വിപണന സംരംഭവും ആരംഭിക്കും. മാച്ച് ടിക്കറ്റുകൾ, ഫ്ലൈറ്റുകൾ, താമസം, ഗതാഗതം എന്നിവ ഉൾക്കൊള്ളുന്ന അനുയോജ്യമായ യാത്രാപാക്കേജുകളും ബുക്കിങ് ഇളവുകളും ഓഫറുകളും അതിലുൾപ്പെടും.
ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരിൽ ഏറ്റവും കൂടുതൽപേർ എത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സ്വദേശികളും മലയാളികൾ ഉൾപ്പെടെ സൗദി പ്രവാസികളുമെല്ലാമായി നിരവധി പേരാണ് ഖത്തറിലേക്ക് ഒഴുകിയെത്തുന്നത്. അതോടൊപ്പം ഖത്തറിലേക്കുള്ള ആദ്യത്തെ 10 മികച്ച വിപണികളിൽ ജി.സി.സി രാജ്യങ്ങളും ഇടംനേടിയിട്ടുണ്ട്. ജി.സി.സി പൗരന്മാർക്ക് വിസ ആവശ്യമില്ലാത്തതിനാൽ നിരവധിയാളുകളാണ് ഖത്തറിലേക്കെത്തുന്നത്.
ജി.സി.സി പൗരന്മാർക്ക് മാത്രമായി ഹയ്യ പ്ലാറ്റ്ഫോമിൽ എൻട്രി പെർമിറ്റ് സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഹയ്യ പ്ലാറ്റ്ഫോമിലെ പ്രീ-രജിസ്ട്രേഷൻ സേവനത്തിലൂടെ അതിർത്തിയിൽ വാഹനങ്ങൾക്ക് വേഗത്തിൽതന്നെ പ്രവേശിക്കാൻ സാധിക്കുന്നതിനാൽ ഖത്തറിലേക്കുള്ള യാത്രയുടെ തുടക്കംമുതൽ സുഗമമായ അനുഭവം സന്ദർശകർക്ക് ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.