കുറിഞ്ഞിശോഭക്ക് തിരിച്ചടിയായി മഴ; ഒട്ടും കുറയാതെ സഞ്ചാരികൾ
text_fieldsഅടിമാലി: കള്ളിപ്പാറ മലയിൽ വിരിഞ്ഞ നീലക്കുറിഞ്ഞിക്ക് വിനയായി കനത്ത മഴ. മഴയിൽ പൂവ് അഴുകി നശിക്കുകയാണ്. മഴയിൽ മലയിൽ കുടുങ്ങുന്നവരും ധാരാളം. തിങ്കളാഴ്ച പെയ്ത മഴയിൽ നൂറിലേറെ പേരാണ് കുടുങ്ങിയത്. വനം വകുപ്പ് വളരെ സാഹസപ്പെട്ടാണ് ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്. കുട്ടികളെയും മുതിർന്നവരെയും കൊണ്ട് വരുന്നവർ ഉച്ച മുതൽ തുടങ്ങുന്ന മഴയിൽ കുടുങ്ങുന്നു.
കുറിഞ്ഞി കാണാൻ റോഡിൽനിന്ന് രണ്ട് കിലോമീറ്ററിൽ കൂടുതൽ കയറണം, അതും മൺവഴിയിൽക്കൂടി. മഴ പെയ്താൽ മുകളിൽ എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. സഞ്ചാരികളുടെ വാഹനങ്ങൾമൂലം വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. പലയാളുകൾക്കും ദൂരെ നിന്ന് വന്നിട്ട് കുറിഞ്ഞി കാണാതെ മടങ്ങേണ്ടി വന്നു. കുറിഞ്ഞി കാണാൻ വരുന്നവർ പൂവ് പറിച്ചു നശിപ്പിക്കുന്നതായും പരാതിയുണ്ട്.
ഒരാഴ്ചയായി ഇവിടേക്ക് വിദേശികളടക്കം സന്ദർശകരുടെ ഒഴുക്കാണ്. ദിവസവും അയ്യായിരത്തിനും ഏഴായിരത്തിനും ഇടയിൽ സന്ദർശകർ എത്തുന്നു എന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. ഞായറാഴ്ച മാത്രം പതിനായിരത്തിന് മുകളിൽ പേർ കള്ളിപ്പാറയിൽ എത്തി. ശാന്തൻപാറ മേഖലയിൽ 2010ന് ശേഷം ഇതാദ്യമാണ് കുറിഞ്ഞിവസന്തം. കള്ളിപ്പാറയിൽ എത്തിയാൽ കിലോമീറ്ററുകൾ പടർന്നുകിടക്കുന്ന നീലക്കുറിഞ്ഞിയും തമിഴ്‌നാടിെൻറ വിദൂര കാഴ്ചകളും ആരുടെയും മനം കവരും. യാത്രക്കാർ കൂടിയതോടെ കെ.എസ്.ആർ.ടി.സി മൂന്നാറിൽനിന്ന് പ്രത്യേക ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.