രാക്ഷസൻ പാറയിൽ ആദ്യ സന്ദർശക സംഘം എത്തി
text_fieldsകോന്നി: രാക്ഷസൻ പാറയെ ജില്ല ഭരണകൂടം പ്രകൃതിസൗഹൃദ ടൂറിസം കേന്ദ്രമാക്കാനുള്ള തീരുമാനമായതിനുശേഷമുള്ള ആദ്യത്തെ സന്ദർശകസംഘം എത്തി. വി.എൻ.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലെ എൻ.എസ്.എസ് യൂനിറ്റ് ക്യാമ്പിന്റെ ഭാഗമായി പാറ സന്ദർശിക്കുകയും പ്രകൃതി സൗഹൃദ സന്ദേശ ബോഡുകൾ സ്ഥാപിച്ച് രാക്ഷസൻ പാറയുടെ ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു.
ഗുരു നിത്യചൈതന്യയതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തെരഞ്ഞെടുത്ത രാക്ഷസൻ പാറ പ്രകൃതി സൗന്ദര്യാസ്വാദനത്തിന്റെ മട്ടുപ്പാവ് കൂടിയാണ്. നാടിന്റെ പൈതൃകം കൂടിയായ രാക്ഷസൻ പാറയെ കണ്ടറിഞ്ഞ് അനുഭവിച്ചറിഞ്ഞ് എത്തിയ ചെറുസംഘത്തെ, ആദ്യത്തെ സംഘടിത സംഘം എന്ന നിലയിൽ ഫാ. തോമസ് പി.മുകളിൽ, ഡോ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള 'മലമുഴക്കി നാട്ടുകൂട്ടം' പരമ്പരാഗത രീതിയിൽ ആരതിയുഴിഞ്ഞ് തലപ്പാവും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഇഞ്ചപ്പാറ ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. പാറയുടെ മുകളിൽ കയറിയാൽ പശ്ചിമഘട്ടമലനിരകളുടെ ഹരിതഭംഗി നിറഞ്ഞ പ്രദേശങ്ങൾ കാണാം. സമീപത്തുള്ള പാറകളെല്ലാം ഖനനാനുമതി ലഭിച്ചു പാറമടകളായപ്പോളും നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ഇച്ഛാശക്തിക്ക് മുന്നിൽ തലയെടുപ്പോടെ അഭിമാനമായി നിൽക്കുന്ന രാക്ഷസൻ പാറയിലെ പാറ പൊട്ടിക്കാനുള്ള ആദ്യശ്രമം 1994ൽ ചെറുത്തുതോൽപിച്ചത് ഗുരു നിത്യചൈതന്യ യതിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നതും ചരിത്രം. ടൂറിസം സർക്യൂട്ടിൽ ജില്ലയിലെ കോന്നി ആനത്താവളം, അടവി, ഗവി തുടങ്ങിയവയുടെ പട്ടികയിൽ രാക്ഷസൻ പാറയെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളജ് വൈസ് പ്രിൻസിപ്പാൾ ജയന്തി എസ്.നായർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ രഞ്ജിത് വാസുദേവൻ അധ്യാപകരായ സായി പ്രബോദ്, പ്രവീൺ കുമാർ, രാജീവ്, പി.ടി. തോമസ് എന്നിവർ സംഘത്തെ അനുഗമിച്ചു. പ്രാശാന്ത് കോയിക്കൽ നയിച്ച സംഘം കലഞ്ഞൂർ ഔഷധ പാർക്കും സന്ദർശിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഡോ.എൻ.കെ.ശശിധരൻ പിള്ള നയിച്ച 'പ്രകൃതിയും ജൈവവൈവിധ്യവും'ക്ലാസോടുകൂടിയാണ് യാത്ര സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.