നാറാണത്ത് സ്മരണയിൽ അലിഞ്ഞ് രായിരനെല്ലൂർ മല
text_fieldsപട്ടാമ്പി: മഴയൊഴിഞ്ഞ് മാനം തെളിഞ്ഞ തുലാമാസപ്പിറവിയിൽ മനംനിറയെ നാരായണമന്ത്രമുരുവിട്ട് രായിരനെല്ലൂരിലേക്ക് ഭക്തജനപ്രവാഹം. പന്തിരുകുലപുത്രൻ നാറാണത്ത് ഭ്രാന്തന്റെ ദുർഗദേവി ദർശനസ്മരണയിൽ മലകയറി പുണ്യം നുകരാനൊഴുകിയെത്തിയത് പതിനായിരങ്ങൾ.
ബസുകളിലും ചെറുവാഹനങ്ങളിലുമായി പുലർച്ച മുതൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ളവർ വടക്കൻ കേരളത്തിന്റെ മഹോത്സവത്തിൽ സാന്നിധ്യമറിയിച്ചു. നാറാണത്ത് ഭ്രാന്തൻ മലയിലേക്ക് കല്ലുരുട്ടിക്കയറ്റിയെന്ന് കരുതപ്പെടുന്ന തെക്കുനിന്ന് സ്ത്രീകളും കുട്ടികളും പ്രായമേറിയവരുമുൾപ്പെടെയുള്ളവരുടെ അണമുറിയാത്ത പ്രയാണം മധ്യാഹ്നം വരെ നീണ്ടു. പടിഞ്ഞാറ് പ്രത്യേകം പണിത പടവുകളിലൂടെയും ഭക്തർ മലമുകളിലേക്ക് നടന്നുകയറി. മലമുകളിലെ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ദുർഗക്ഷേത്രത്തിൽ ദർശനം നടത്താനും ഏറെ തിരക്കനുഭവപ്പെട്ടു.
ക്ഷേത്രത്തിൽ മുട്ടറുത്തും വഴിപാടുകൾ കഴിച്ചും നാറാണത്ത് ഭ്രാന്തന്റെ ശിൽപം വലംവെച്ച് വാങ്ങിയുമാണ് ഭക്തർ മലയിറങ്ങിയത്. താഴെ രായിരനെല്ലൂർ ക്ഷേത്രത്തിലും തുലാം ഒന്നിന് പ്രതിഷ്ഠദിനം ആഘോഷിക്കുന്ന ഭ്രാന്തൻ തപസ്സ് ചെയ്ത് ദുർഗയെ പ്രത്യക്ഷപ്പെടുത്തിയെന്ന് ഐതിഹ്യമുള്ള കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും നൂറുകണക്കിന് ആളുകൾ ദർശനം നടത്തി. ആമയൂർ മന മധു ഭട്ടതിരിപ്പാട്, രാമൻ നമ്പൂതിരിപ്പാട് എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.