പൊന്മുടി റോഡ് പുനർനിർമാണം പൂർത്തിയായി; ഉടൻ തുറക്കും
text_fieldsവിതുര: മഴയിൽ തകർന്ന പൊന്മുടി റോഡിന്റെ പുനർനിർമാണം പൂർത്തിയായതോടെ രണ്ടുമാസമായി ഒറ്റപ്പെട്ട പൊന്മുടി സാധാരണനിലയിലേക്ക്. പൊന്മുടി റോഡിലെ 12ാത്തെ ഹെയർപിൻ വളവിനടുത്താണ് ഓഗസ്റ്റ് അഞ്ചിന് കനത്തമഴയിൽ റോഡ് ഇടിഞ്ഞത്.
ഇതോടെ പൊന്മുടിയും തോട്ടം മേഖലയും സർക്കാർ ഓഫിസുകളും ഒറ്റപ്പെട്ടനിലയിലായി. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ ഇരുന്നൂറിലധികം കുടുംബങ്ങൾക്കാണ് പുറംലോകത്തെത്താൻ കഴിയാതായത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് റോഡ് പുനർനിർമിക്കാനായതെന്നും അടുത്തദിവസങ്ങളിൽ തന്നെ തുറന്നുകൊടുക്കുമെന്നും ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടും.
വിനോദസഞ്ചാര മേഖലയിലേക്കുള്ള വാഹനങ്ങളും വരുംദിവസങ്ങളിൽ കടത്തിവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് എം.എൽ.എ അറിയിച്ചു. പഴകുറ്റി മുതൽ പൊന്മുടി വരെയുള്ള 38 കി.മീ റോഡ് 168 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്നതിനിടയിലാണ് ഹെയർപിൻ 12ൽ മണ്ണിടിഞ്ഞ് റോഡ് പൂർണമായും തകർന്നത്. പൊലീസ് സ്റ്റേഷൻ, കെ.ടി.ഡി.സി, ഗവ. യു.പി സ്കൂൾ, കേരള പൊലീസിന്റെ വയർലസ് സെറ്റ് കേന്ദ്രം എന്നിവയെല്ലാം ഒറ്റപ്പെട്ടു.
പൊന്മുടിയിൽ പ്രവർത്തിച്ചിരുന്ന കടകൾ അടച്ചതോടെ ആളുകൾക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങാനാകാത്ത സ്ഥിതിയായി. പതിനഞ്ച് കിലോമീറ്റർ കാൽനടയായി കല്ലാറിലെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങി തലച്ചുമടായിട്ടാണ് പൊന്മുടിയിലെത്തിച്ചിരുന്നത്. പൊന്മുടി അടഞ്ഞതോടെ രണ്ട് മാസക്കാലമായി വനംസംരക്ഷണ സമിതിയിലെ 150ലധികം ജീവനക്കാരും ജോലിയില്ലാതെ പട്ടിണിയിലായിരുന്നു.
റോഡ് പുനഃസ്ഥാപിച്ചതോടെ പൊന്മുടിയിലെ സീസൺ നഷ്ടപ്പെടിെല്ലന്ന ആശ്വാസത്തിലാണ് സഞ്ചാരികളും വിനോദസഞ്ചാര കേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്നവരും. കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന പൊന്മുടിയിൽ കഴിഞ്ഞ രണ്ടുവർഷവും ഡിസംബറിലെ സീസൺ നഷ്ടപ്പെട്ടിരുന്നു.
ഡിസംബർ മുതൽ മാർച്ച് വരെയാണ് കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികൾ കൂടുതലായെത്തുന്നത്. പ്രതിവർഷം 35 ലക്ഷം രൂപ വരെയാണ് പൊന്മുടിലെ സീസണിൽനിന്ന് വനംവകുപ്പിന് ലഭിക്കുന്നത്. ജില്ല ഭരണകൂടത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞാൽ ഡിസംബർ രണ്ടാമത്തെ ആഴ്ചയിൽ തന്നെ പൊന്മുടി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.