ഇടുക്കി കാണാൻ തിരക്ക്; ടൂറിസം കേന്ദ്രങ്ങളിൽ ഉണർവ്
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പൂജ അവധിയും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളും പ്രമാണിച്ച് മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് രണ്ടു ദിവസമായി അനുഭവപ്പെടുന്നത്.
കുടുംബവുമായി എത്തുന്നവരാണ് അധികവും. സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടങ്ങളെല്ലാം പുനരാരംഭിച്ചു. പൂജയുടെ അവധി ദിനങ്ങളോട് അനുബന്ധിച്ച് പ്രധാന ഹോട്ടലുകളിലും ഹോംസ്റ്റേകളിലും തിരക്കുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് മൂന്നാറിലാണ്.
രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മൂന്നാറിലേക്ക് എത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള സന്ദർശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. ദേവികുളം ഗ്യാപ് റോഡ് ഗതാഗതത്തിന് തുറന്നതും മൂന്നാറിൽ കോവിഡ് നിയന്ത്രണ വിധേയമാണെന്നതും തിരക്ക് വർധിക്കാൻ കാരണമാണ്.
മുൻകൂർ ബുക്ക് ചെയ്യാതെ എത്തിയാൽ മൂന്നാറിൽ മുറികൾ ലഭിക്കാൻ സാധ്യത കുറവാണ്. മാട്ടുപ്പെട്ടി, ഇരവികുളം എന്നിവിടങ്ങളിലും സഞ്ചാരികൾ വർധിച്ചിട്ടുണ്ട്.
തിരക്കേറിയതോടെ വഴിയോര കച്ചവടക്കാരും മൂന്നാറിൽ സജീവമായിട്ടുണ്ട്. മഞ്ഞും മഴയും സഞ്ചാരികൾ ആവേശത്തോടെയാണ് കാണുന്നത്. മഴ ആസ്വദിക്കാനായി ഹൈറേഞ്ചിലെത്തുന്നവരും കുറവല്ല. കൂടുതലായി വാഹനങ്ങളെത്തിത്തുടങ്ങിയതോടെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. മലയാളികൾക്ക് പുറമേ തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളും കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. വനംവകുപ്പിെൻറ വിവിധ ട്രക്കിങ് ഉൾപ്പെടെ മിക്ക വിനോദ പരിപാടികളും സജീവമായിട്ടുണ്ട്.
സഞ്ചാരികളാൽ നിറഞ്ഞ് വാഗമൺ
കോവിഡ് ഇളവുകൾക്ക് ശേഷം ഏറെ സജീവമായത് വാഗമൺ ടൂറിസ്റ്റ് കേന്ദ്രമാണ്. വാഗമണ്ണിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഒട്ടേറെ ബുക്കിങ്ങുകളുണ്ട്. നല്ല മഞ്ഞും കാലാവസ്ഥയും സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. മറയൂരിലെ ശർക്കര നിർമാണം, മുനിയറകൾ, ചന്ദനക്കാട്, ചിൽഡ്രൻസ് പാർക്ക്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ആപ്പിൾ തോട്ടം, കീഴാന്തൂരിലെ കച്ചാരം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കായിരുന്നു. പ്രദേശത്തെ എല്ലാ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ബുക്കിങ് സജീവമാണ്. വാഗമൺ, വാഗമൺ മൊട്ടക്കുന്ന്, കോലാഹലമേട് പൈൻവാലി, ആത്മഹത്യ മുനമ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ, കുട്ടിക്കാനം, വളഞ്ചങ്ങാനം വെള്ളച്ചാട്ടം ഇവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ സന്ദർശകരെത്തി. എന്നാൽ, ഇടുക്കി അണക്കെട്ടിൽ സാധാരണ എത്തുന്നതിലും കുറവ് സഞ്ചാരികളാണ് എത്തിയത്. വ്യാഴാഴ്ച 1300പേർ അണക്കെട്ട് സഞ്ചരിച്ചു. സാധാരണ പൂജ അവധികളിലും മറ്റും 2500പേർ വരെ എത്തിയിരുന്നുതായി അധികൃതർ പറഞ്ഞു. മഴ ശക്തി പ്രാപിച്ചതോടെയാണ് അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്.
അയ്യപ്പന്കോവിലിെൻറ ഭംഗി കാണാം, കയാക്കിങ്ങിലൂടെ
കട്ടപ്പന: ടൂറിസം മേഖലക്ക് പുത്തനുണര്‍വ് നല്കാന് അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവലിന് തുടക്കം. ശനിയും ഞായറും ഫെസ്റ്റിവൽ ഉണ്ടായിരിക്കും. ഫെസ്റ്റിവൽ ഉദ്ഘാടനം വാഴൂര്‍ സോമന് എം.എല്‍.എ നിര്‍വഹിച്ചു. അയ്യപ്പന്കോവിലിനെ കേരളത്തിെൻറയും ഇന്ത്യയുടെയും ടൂറിസം മാപ്പിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡൻറ് മിനിമോള്‍ നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു.
ജില്ല ഭരണകൂടം, ഡി.ടി.പി.സി, അയ്യപ്പന് കോവില്‍ - കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകള്‍, കെ.എസ്.ഇ.ബി, വനംവകുപ്പ് തുടങ്ങിയവരാണ് ഫെസ്റ്റിവലിെൻറ പങ്കാളികള്‍. ഒറ്റക്കും രണ്ടാള് വീതവും സാഹസിക യാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഘോഷവേദിയായ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് സമീപം രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും. കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യം അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കും.
കായികവിനോദം ജില്ലയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിെവല്‍. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ എല്ലാ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജമലയിലേക്ക് സന്ദർശക പ്രവാഹം
മൂന്നാർ: രണ്ടുദിവസത്തെ അവധി ആഘോഷിക്കാൻ മൂന്നാറിലേക്ക് സന്ദർശക പ്രവാഹം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
വ്യാഴാഴ്ച രാവിലെ മുതൽ മഴയുണ്ടായിട്ടും തിരക്കിന് കുറവും ഉണ്ടായില്ല. വെള്ളിയാഴ്ചത്തെ തെളിഞ്ഞ കാലാവസ്ഥ സഞ്ചാരികൾക്ക് കൂടുതൽ ഉണർവായി. വരയാടുകളുടെ കേന്ദ്രമായ രാജമലയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വ്യാഴാഴ്ച മാത്രം 1750പേർ രാജമലയിലെത്തി. 2250പേർ വെള്ളിയാഴ്ചയുമെത്തി. ഹൈഡൽ ടൂറിസം വകുപ്പിെൻറ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മാത്രം ആറുലക്ഷം രൂപയുടെ കലക്ഷൻ ഉണ്ടായി. വ്യാഴാഴ്ച രണ്ടുലക്ഷം രൂപ ആയിരുന്നു വരുമാനം. മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, ബ്ലോസം പാർക്ക് എന്നിവിടങ്ങളിലാണ് സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടത്.
വ്യാഴാഴ്ച ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവരുടെ എണ്ണം
വാഗമൺ മൊട്ടക്കുന്ന്- 3860
പാഞ്ചാലിമേട്-1512
ഇടുക്കി അണക്കെട്ട്-1300
രാമക്കൽമേട്-945
ഹിൽവ്യൂപാർക്ക് -453
അരുവിക്കുഴി-375
മാട്ടുപെട്ടി-318
ചിന്നക്കനാൽ-233
ആമപ്പാറ-70
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.