സൗദി വ്യോമ പാത എല്ലാവർക്കുമായി തുറന്നുകൊടുത്തു
text_fieldsറിയാദ്: സൗദി അറേബ്യയുടെ വ്യോമ പാത മുഴുവൻ അന്താരാഷ്ട്ര ഗതാഗതത്തിനുമായി തുറന്നുകൊടുക്കാൻ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ തീരുമാനം നടപ്പായി.
ഇതോടെ മുമ്പ് തുറന്നുകൊടുക്കാത്ത രാജ്യങ്ങളുടെ വിമാനങ്ങൾക്കും 'ഗാക'യുടെ നിബന്ധനകൾക്ക് വിധേയമായി സൗദി അറേബ്യക്ക് മുകളിലൂടെ സഞ്ചരിക്കാനാവും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശന പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാക്കി സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് ഈ നീക്കമെന്ന് 'ഗാക' വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുപ്രധാനമായ സൗദി വ്യോമ പാതയിലേക്ക് മുഴുവൻ വിമാന സർവിസുകൾക്കും പ്രവേശനം അനുവദിച്ചതോടെ വല മുറിയാത്ത അന്താരാഷ്‌ട്ര വ്യോമഗതാഗത ബന്ധം സ്ഥാപിതമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വ്യോമയാനം നടത്തുന്ന യാത്രാ വിമാനങ്ങൾ തമ്മിൽ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 1944-ലെ ചിക്കാഗോ ഉടമ്പടിക്ക് അനുസൃതമായാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനമെന്നും ഗാക അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.