വ്യോമയാന മേഖലയിൽ ഉയർന്ന് പറന്ന് സൗദി
text_fieldsയാംബു: വ്യോമയാന രംഗത്ത് വൻകുതിപ്പിൽ സൗദി അറേബ്യ. വിമാനയാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് ഭേദിച്ച വളർച്ച. അതോടൊപ്പം രാജ്യത്തിന്റെ സ്വന്തം വിമാന കമ്പനികളും വിമാനത്താവളങ്ങളും അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടി ലോകോത്തരമായി. ഈ വർഷം ഇതുവരെയുള്ള കണക്കിൽ രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 17 ശതമാനമാണ് വർധിച്ചതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.3 കോടിയെന്നത് ഈ വർഷം 6.2 കോടിയായി ഉയർന്നു. 2023ന്റെ ആദ്യ പകുതിയിൽ 3,99,000 വിമാന സർവിസുണ്ടായപ്പോൾ ഈ വർഷം 4,46,000 ആയി വർധിച്ചു.
12 ശതമാനം വർധനയാണിത്. വ്യോമമാർഗമുള്ള ചരക്കുനീക്കത്തിലും സമാന ഉയർച്ചയാണുണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 6,06,000 ടണ്ണിലെത്തി ചരക്കുനീക്കം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,30,000 ടണ്ണായിരുന്നു. 41 ശതമാനം വർധനയാണിത്.
ഈ വർഷം എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ സർവിസ് ക്വാളിറ്റി അക്രഡിറ്റേഷൻ നേടിയത് സൗദിയുടെ 16 വിമാനത്താവളങ്ങളാണ്. ഇൻറർനാഷനൽ എയർ ട്രാൻസ് പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ ‘സ്കൈട്രാക്സി’ന്റെ മൂല്യനിർണയ പ്രകാരം സൗദി വിമാനത്താവളങ്ങൾ ലോകത്തെ ഏറ്റവും മികച്ച 50 എണ്ണത്തിൽ ഇടംപിടിച്ചിരിക്കുന്നു.
രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കഴിഞ്ഞ വർഷം ആഗോള റേറ്റിങ് ഏജൻസികളുടെ അവാർഡുകൾ നേടിയിരുന്നു.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് സമർപ്പണ ചടങ്ങിൽ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമെന്ന അംഗീകാരം സ്വന്തമാക്കി. 2023ലെ എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ സർവിസ് ക്വാളിറ്റി അക്രഡിറ്റേഷൻ ലിസ്റ്റിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ടിന് ഏറ്റവും ഉയർന്ന റേറ്റിങ് ലഭിച്ചു.
2023ൽ തന്നെ ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളം ഇത്തരത്തിൽ മൂന്ന് അവാർഡുകൾ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും നൂതന സൗകര്യങ്ങളുള്ള എയർലൈനായി ഈ വർഷത്തെ സ്കൈട്രാക്സ് അംഗീകാരം ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’ സ്വന്തമാക്കി.
സ്കൈട്രാക്സിന്റെ റിപ്പോർട്ട് പ്രകാരം തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച ചെലവു കുറഞ്ഞ നാലാമത്തെ എയർലൈനും മിഡിലീസ്റ്റിലെ ഒന്നാമത്തേതുമായി ‘ഫ്ലൈനാസ്’ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായാണ് മിഡിലീസ്റ്റിലെ ഈ ഒന്നാം സ്ഥാനം സൗദിയുടെ മറ്റൊരു ആഭ്യന്തര വിമാനകമ്പനിയായ ഫ്ലൈനാസ് നേടുന്നത്.
യാത്രക്കാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ മികവിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ അവാർഡും ഫ്ലൈറ്റ് സുരക്ഷക്കും പാരിസ്ഥിതിക സുസ്ഥിരതക്കുമുള്ള അവാർഡും സൗദി വിമാനകമ്പനികൾ നേടിയിട്ടുണ്ട്.
2030 ആകുമ്പോഴേക്കും വിമാനയാത്രക്കാരുടെ എണ്ണം 33 കോടിയായി വർധിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. വിമാന ചരക്ക് കപ്പാസിറ്റി 45 ലക്ഷം ടൺ വർധനയും ലക്ഷ്യമാണ്. എയർ കണക്റ്റിവിറ്റി 250 ലക്ഷ്യസ്ഥാനങ്ങളായി വ്യാപിപ്പിക്കാനും രാജ്യത്തെ വ്യോമയാന മേഖലയെ മിഡിലീസ്റ്റിലെ ഒന്നാമതാക്കി മാറ്റാനും ‘വിഷൻ 2030’ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.