സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന ഷാനു രജപുത് ഇരിട്ടിയിൽ
text_fieldsഇരിട്ടി : സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന പഞ്ചാബുകാരൻ ഷാനു രജപുത് ഇരിട്ടിയിലെത്തി. സൈക്കിളിന്റെ പിന്നിൽ വലിയ ഇന്ത്യൻ പതാകയുമായാണ് ഷാനു രജപുത് ഇന്ത്യ ചുറ്റുന്നത്. ഒന്നര വർഷം നീളുന്ന ഷാനുവിന്റെ യാത്രയുടെ തുടക്കം ജൂലൈ 17ന് ജമ്മു കശ്മീരിലെ സാമ്പ ജില്ലയിൽ നിന്നായിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക അടക്കം ഏഴു സംസ്ഥാനങ്ങൾ 138 ദിവസംകൊണ്ട് പിന്നിട്ട് കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഇരിട്ടിയിലെത്തിയത്.
ഒരു ദിവസം 10 മണിക്കൂർ സൈക്കിളിൽ യാത്രചെയ്യുന്ന ഷാനുവിന്റെ യാത്ര രാവിലെ ആറിന് ആരംഭിക്കും. 70 -80 കിലോമീറ്റർ ഒരു ദിവസം യാത്ര ചെയ്യുന്ന ഷാനു ഒരു വ്ലോഗർ കൂടിയാണ്. പെട്രോൾ പമ്പുകളിലാണ് അധികവും വിശ്രമം. വൈകീട്ട് നാലോടെ സുരക്ഷിതമായ താവളത്തിൽ ടെന്റ് അടിച്ചാണ് ഉറക്കം. ടെന്റ് അടിക്കാനുള്ള വസ്തുക്കൾ അടക്കമാണ് യാത്ര. യാത്ര വളരെ ഇഷ്ടപെടുന്ന ഷാനു ആദ്യം ഇന്ത്യ ചുറ്റിക്കാണാൻ ഇറങ്ങിയത് ട്രെയിനിലായിരുന്നു.
15 ദിവസത്തെ ആദ്യത്തെ ഇന്ത്യൻ പര്യടനത്തിൽ കുറെ സ്ഥലങ്ങൾ കണ്ടെങ്കിലും അതിലൊന്നും തൃപ്തനാകാതെ തന്റെ പരിമിതമായ സൗകര്യങ്ങൾ കൊണ്ടാണ് സൈക്കിൾ യാത്ര തിരഞ്ഞെടുത്തത്. സൈക്കിളിൽ ഇന്ത്യയുടെ ഗ്രാമങ്ങളും നഗരങ്ങളും ചുറ്റിക്കാണുക, ജനങ്ങളോട് സംസാരിക്കുക, വ്യത്യസ്തങ്ങളായ ഭക്ഷണം, വിവിധങ്ങളായ ആചാര രീതികൾ കണ്ടു മനസ്സിലാക്കുക എന്നിവയാണ് ഷാനു രജപുത് എന്ന യുവാവിന്റെ ലക്ഷ്യം. 20 ദിവസമാണ് ഷാനുവിന്റെ കേരളത്തിലെ സഞ്ചാരം. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കാണ് യാത്ര. ചെറിയ ഇടവേളക്കു ശേഷം ബൈ ബൈ പറഞ്ഞു ഷാനുവിന്റെ സൈക്കിൾ ഇരിട്ടി പുഴ കടന്ന് യാത്ര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.