ഉയരങ്ങളെയും യാത്രയെയും പ്രണയിച്ച ഷെയ്ഖ് ഹസൻ ഖാൻ എവറസ്റ്റും കീഴടക്കി
text_fieldsപന്തളം: എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവും യാഥാർഥ്യമാക്കി ഷെയ്ഖ് ഹസൻ ഖാൻ. മുമ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന്‍റെ വലിയ സ്വപ്നമായിരുന്നു എവറസ്റ്റ് കീഴടക്കൽ. എവറസ്റ്റ് കീഴടക്കാൻ ധനസഹായം പലരിൽനിന്നും സ്വരൂപിച്ച് വർഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ 15ന് എവറസ്റ്റിന് നെറുകയിൽ എത്തിയത്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ദൗത്യത്തിന്‍റെ പൂർത്തീകരണം. ഏപ്രിൽ ഒന്നിനാണ് യാത്ര ആരംഭിച്ചത്. വിദേശികളടക്കം 13 അംഗ സംഘമാണ് യാത്ര പുറപ്പെട്ടതെങ്കിലും ഒടുവിൽ എവറസ്റ്റ് കീഴടക്കാൻ ഷെയ്ഖ് ഹസൻ ഖാന്‍റെ സംഘത്തിൽ വിദേശികളടക്കം അഞ്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പന്തളം പൂഴിയക്കാട് മെഡിക്കൽ മിഷൻ കൂട്ടംവെട്ടിയിൽ അലി അഹമ്മദ് ഖാന്‍റെയും ഷാഹിദ ഖാന്‍റെയും മൂത്ത മകനാണ്. കുരമ്പാല സെന്‍റ് തോമസ് സ്കൂളിലും പന്തളം എൻ.എസ്.എസ് സ്കൂളിലുമാണ് പഠിച്ചത്. പത്തനംതിട്ട മുസലിയാർ കോളജിലെ ബി.ടെക് പഠനത്തിനു ശേഷം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ എം.ടെക് ചെയ്തു. പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ അസിസ്റ്റന്‍റായി ജോലിനോക്കിയ ശേഷം 2015ൽ സെക്രട്ടേറിയറ്റിൽ ധനവകുപ്പിൽ അസിസ്റ്റന്‍റായി ജോലി ലഭിച്ചു. ജോലിയോടൊപ്പം യു.പി.എസ്.ഇ, സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഒരുവർഷമായി ധനവകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന ഷെയ്ഖിന് ഡൽഹി കേരള ഹൗസിൽ അസിസ്റ്റന്‍റ് ലെയ്സൺ ഓഫിസറാകാനും കഴിഞ്ഞു.
29,032 അടി ഉയരത്തിലുള്ള എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനം ലഡാക്കിലെ 7135 മീറ്റർ ഉയരമുള്ള മൗണ്ട് നൂണിലായിരുന്നു. എവറസ്റ്റ് കയറാൻ കുറഞ്ഞത് 60 ദിവസം എടുത്തു. നേപ്പാളിൽ കൂടിയും ടിബറ്റിൽ കൂടിയും എവറസ്റ്റിനു മുകളിൽ എത്തി. ചെലവ് 30 ലക്ഷം രൂപയോളം വന്നു. ഇതിൽ 15 ലക്ഷവും നേപ്പാൾ സർക്കാറിന്‍റെ പെർമിറ്റ് ഫീസാണ്. ഭാര്യ: ഖദീജ റാണി. മകൾ: ജഹനാര മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.