കായലിൽ ചീറിപ്പാഞ്ഞ് സ്പീഡ് ബോട്ടുകൾ; അനുമതിയില്ലാതെ ശിക്കാരവള്ളങ്ങളും
text_fieldsആലപ്പുഴ: കായലുകളിൽ അനുമതിയില്ലാതെ സ്പീഡ് ബോട്ടുകൾ ചീറിപ്പായുന്നു. ഇതിനൊപ്പം ശിക്കാരവള്ളങ്ങളും. വേമ്പനാട്ടുകായൽ, പുന്നമടക്കായൽ, തണ്ണീർമുക്കം, കുമരകം അടക്കമുള്ള പ്രദേശങ്ങളിലാണ് സാഹസിക സഞ്ചാരത്തിന്റെ പേരിൽ സ്പീഡ് ബോട്ടുകൾ തലങ്ങും വിലങ്ങും പായുന്നത്. സ്പീഡ് ബോട്ടുകളോടുള്ള സഞ്ചാരികളുടെ പ്രിയം വർധിച്ചതോടെ സുരക്ഷ ഉറപ്പാക്കുന്ന ലൈഫ് ജാക്കറ്റ്പോലുമില്ലാതെയാണ് പലപ്പോഴും യാത്ര. പലതിലും ക്രമത്തിലധികം ആളുകളെ കയറ്റുന്നുമുണ്ട്. സാധാരണ ബോട്ടുകളെക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഇവയുടെ സഞ്ചാരം. സുരക്ഷാകാര്യത്തിൽ വലിയ വീഴ്ചയുള്ളതായാണ് ആക്ഷേപം.
തുറമുഖ ഓഫിസിന്റെ കണക്കിൽ ജില്ലയിൽ 131 സ്പീഡ് ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടനാട് അടക്കം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്വകാര്യആവശ്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. വ്യവസായിക അടിസ്ഥാനത്തിൽ ഓടുന്ന സ്പീഡ് ബോട്ടുകൾ പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെടുകയാണ് പതിവ്. സഞ്ചാരികൾ ഏറെയെത്തുന്ന സീസണിൽ ലൈസൻസും രേഖകളിലുമില്ലാതെ ശിക്കാരവള്ളങ്ങളും കായലിൽ നിറയും.
പുതിയ ജലയാനങ്ങൾക്ക് ലൈസൻസ് നൽകേണ്ടെന്ന തുറമുഖ വകുപ്പിന്റെ നിർദേശം നിലനിൽക്കെയാണിത്. ലൈസൻസിനായി തുറമുഖ ഓഫിസിൽ 150 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2010ൽ കേരള ഇൻലാൻഡ് വെസൽ നിയമം പ്രാബല്യത്തിൽവന്നതോടെയാണ് കനാൽ ലൈസൻസ് നിർത്തലാക്കിയത്. കൂടുതൽ വള്ളങ്ങൾക്ക് ലൈസൻസ് കൊടുത്താൽ ജലമലിനീകരണം കൂടുമെന്ന നിഗമനത്തിയായിരുന്നു ഇത്. 428 ശിക്കാരവള്ളങ്ങൾക്കാണ് തുറമുഖവകുപ്പിന്റെ അനുമതിയുള്ളത്. അനധികൃതമായി ഓടുന്നത് ഇതിന്റെ ഇരട്ടിയോളമാണ്. പരിശോധന നടത്തേണ്ട ടൂറിസം പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നുമില്ല.
സുരക്ഷിതമല്ലാത്ത കായൽ യാത്ര
വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ട് അപകടങ്ങൾ ദിനംപ്രതി വർധിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. അടുത്തിടെ രണ്ടിടത്താണ് ഹൗസ്ബോട്ട് മുങ്ങിയത്. ഇതിൽ ഒരെണ്ണം ഓട്ടംകഴിഞ്ഞ് നിർത്തിയിട്ട സമയത്തായതിനാൽ ആളപായമുണ്ടായില്ല. തമിഴ്നാട്ടിൽനിന്നുള്ള ഏഴംഗ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നുപേർ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഇതിനൊപ്പം ഹൗസ്ബോട്ടിൽനിന്ന് വീണുമരിച്ചവർ മൂന്നുപേരാണ്. ഇതിലൊരാൾ രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു.
അപകടവും മരണവും ആവർത്തിച്ച സാഹചര്യത്തിൽ തുറമുഖവകുപ്പും ടൂറിസം പൊലീസും രേഖകളില്ലാതെ സവാരി നടത്തുന്ന ബോട്ടുകൾ കണ്ടെത്തിയെങ്കിലും തുടർനടപടി കടലാസിൽ ഒതുങ്ങി. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖവകുപ്പ് നിർദേശം പാലിക്കാൻ ബോട്ട് ഉടമകൾ തയാറാകാത്തതാണ് അപകടം വർധിക്കാൻ കാരണം. വേമ്പനാട്ടു കായലിൽ അനധികൃതമായി ഓടുന്ന 1800 ഹൗസ്ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ആലപ്പുഴ പോർട്ട് ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 800 എണ്ണം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.