തളിരിടുന്നു, ആഭ്യന്തര ടൂറിസം
text_fieldsമലപ്പുറം: കോവിഡിനെ തുടർന്ന് മന്ദഗതിയിലായ ആഭ്യന്തര ടൂറിസം മേഖലക്ക് അപ്രതീക്ഷിത ഉണർവ്. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനം വർധിച്ചത് മേഖലക്ക് ഗുണകരമാകുന്നു.
സംസ്ഥാനത്ത് കൂടുതൽ വിദേശ, ആഭ്യന്തര സഞ്ചാരികൾ ആഗസ്റ്റ്-ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് എത്താറുള്ളത്. ഇത്തവണ കോവിഡിനെ തുടർന്ന് വിദേശസഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചിരുന്നു. ആഭ്യന്തര യാത്രക്കാരെയും അമിതമായി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ഹിൽ സ്റ്റേഷനുകളിൽ സഞ്ചാരികൾ വർധിച്ചതാണ് വിേനാദസഞ്ചാരമേഖലക്ക് ഉണർവേകിയത്.
കായൽ, ബീച്ച് ടൂറിസം പഴയ രീതിയിലേക്ക് എത്തിയില്ലെങ്കിലും ഹിൽ സ്റ്റേഷനുകളിൽ സഞ്ചാരികൾ വർധിച്ചു. മറ്റിടങ്ങളിലും വരുംമാസങ്ങളിൽ യാത്രക്കാർ കൂടുമെന്നാണ് പ്രതീക്ഷ. വയനാട്, നിലമ്പൂർ, മൂന്നാർ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലാണ് കുടുംബങ്ങൾ കൂടുതലായി എത്തുന്നതെന്ന് മേഖലയിലുള്ളവർ പറയുന്നു.
സഞ്ചാരികൾ വർധിച്ചതോടെ ഹോട്ടലുകളിൽ ബുക്കിങ് കൂടി. സ്കൂളുകൾക്ക് അവധിയായതിനാൽ കൂടുതൽ പേർക്ക് കുടുംബസമേതം യാത്ര ചെയ്യാൻ സാധിച്ചു. സംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമെ, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി.
അതിനിടെ, വയനാട്ടിൽ ആനയുടെ ചവിേട്ടറ്റ് യുവതി മരിച്ചത് തിരിച്ചടിയായി. കോവിഡിനെ തുടർന്ന് അടച്ചിട്ട ടൂറിസം മേഖല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒക്ടോബറിലാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. പിന്നീട് സംസ്ഥാന സർക്കാറും പച്ചക്കൊടി വീശി.
ഇതോടെ, ക്രിസ്മസ്-പുതുവത്സര സീസൺ ഉപയോഗപ്പെടുത്താനായി. 2019ൽ ടൂറിസം മേഖലയിൽ ഉണർവ് ഉണ്ടായ വർഷമായിരുന്നു. കഴിഞ്ഞ വർഷവും നേട്ടം തുടരുമെന്നായിരുന്നു വിലയിരുത്തലെങ്കിലും കോവിഡ് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.