നിക്ഷേപത്തിന് തയാറാകുന്നവർക്ക് ദീർഘകാല വിസയുമായി ശ്രീലങ്ക
text_fieldsരാജ്യത്ത് നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി ശ്രീലങ്ക. നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയെന്നും ഇത് നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുമെന്നും യുവജന, കായിക മന്ത്രി നമൽ രാജപക്‌സെ പറഞ്ഞു.
ദീർഘകാല വിസ സമ്പ്രദായം ശ്രീലങ്കയിൽ ജോലി ചെയ്യാനും നിക്ഷേപിക്കാനും പ്രൊഫഷണലുകളെയും വിദഗ്ധരെയും പ്രോത്സാഹിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ ഏജൻസിയായ ദി ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രകാരം 2026ഓടെ മൂന്ന് ബില്യൺ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിക്കാനാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.
അതിനായി 2022 മുതൽ 2026 വരെ തന്ത്രപരമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
കഴിഞ്ഞമാസമാണ് ശ്രീലങ്ക വിദേശ സഞ്ചാരികൾക്കായി തുറന്നത്. ഇവിടേക്ക് വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ്, വിസ, 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് റിപ്പോർട്ട് എന്നിവ ആവശ്യമാണ്.
രാജ്യം സന്ദർശിക്കാനും അവിടത്തെ അത്ഭുതങ്ങൾ അടുത്തറിയാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി നിക്ഷേപ സാധ്യത കൂടിയാണ് തുറക്കുന്നത്. അതിമനോഹരമായ ബീച്ചുകൾ മുതൽ തേയിലത്തോട്ടങ്ങൾ വരെയുള്ള ഏഷ്യയിലെ മികച്ച ഡെസ്റ്റിനേഷനാണ് ശ്രീലങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.