ഏറ്റവും വലിയ സോളാർ ക്രൂയിസർ നീറ്റിലിറക്കാനൊരുങ്ങി സംസ്ഥാന ജലഗതാഗത വകുപ്പ്
text_fieldsകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സോളാർ ക്രൂയിസർ നീറ്റിലിറക്കാനൊരുങ്ങി സംസ്ഥാന ജലഗതാഗത വകുപ്പ്. ഒരേ സമയം നൂറ് പേർക്ക് സഞ്ചരിക്കാവുന്ന ശീതികരിച്ച ബോട്ടിെൻറ നിർമാണം അന്തിമ ഘട്ടത്തിലാണ്. ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ ഡിസംബറിൽ ട്രയൽ റൺ നടത്തി ജനുവരിയോടെ നീറ്റിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ബോട്ടിെൻറ നിർമാണപ്രവർത്തനം ഉടൻ പൂർത്തീകരിച്ച് ജലഗതാഗത വകുപ്പിന് കൈമാറാനാണ് നിർമാതാക്കളായ നവാൾട്ട് സോളാർ ആൻറ് ഇലക്ട്രിക് ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിെൻറ തീരുമാനം. ഒരേ സമയം നൂറ് പേർക്കിരിക്കാവുന്ന ഡബിൾ ഡെക്കർ ബോട്ട് എറണാകുളം െജട്ടിയിൽ നിന്നാകും സർവീസ് നടത്തുകയെന്നാണ് അറിയുന്നത്. 100 കിലോ വാട്ടാണ് ബോട്ടിെൻറ കരുതൽ ഊർജ്ജം. ചെലവ് കുറഞ്ഞ ജലഗതാഗത ടുറിസമെന്നതിനൊപ്പം പ്രകൃതി സൗഹൃദ പദ്ധതിയാകുമിത്.
കുത്തനെ ഉയർന്ന ഡീസൽ വിലയ്ക്കൊപ്പം കായൽ മലിനീകരണവും ഒരു പരിധിവരെ കുറക്കാനാകുമെന്നതാണ് ഇതിെൻറ പ്രത്യേകത. പൂർണമായും എ.സിയിൽ സഞ്ചരിക്കുന്ന ബോട്ടിൽ സോളാറിന് പുറമെ കരുതലെന്നോണം ഡീസൽ ജനേററ്ററും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ആദ്യ സൗരോർജ ബോട്ട് നീറ്റിലിറക്കി നേട്ടം കൊയ്തതോടെയാണ് കുടുതൽ സൗരോർജ ബോട്ടുകൾ ഇറക്കാൻ സർക്കാർ തീരുമാനിച്ചത്. 2017 ലാണ് വൈക്കത്ത് നിന്ന് ആദ്യ സൗരോർജ ബോട്ടായ 'ആദിത്യ' സർവീസ് തുടങ്ങിയത്. അഞ്ച് വർഷം പൂർത്തീകരിക്കുന്നതിനുള്ളിൽ സൗരോർജത്തിൽ 96,000 കി.മീ. ബോട്ട് സഞ്ചരിച്ചപ്പോൾ 1.5 ലക്ഷം ലിറ്റർ ഡീസലാണ് സർക്കാറിന് ലാഭിക്കാനായത്. ഒന്നേകാൽ കോടി രൂപയാണ് ഡീസൽ വിലയിൽ മാത്രം നേട്ടമുണ്ടായത്. ഇതിനൊപ്പം 400 മെട്രിക് ടൺ കാർബൺ ബഹിർഗമനം തടയാനായെന്നാണ് വിലയിരുത്തൽ. ക്രൂയിസ് ബോട്ടിന് പുറമെ 75 പേർക്ക് സഞ്ചരിക്കാവുന്ന അഞ്ച് ബോട്ടുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഫെബ്രുവരി മുതൽ ഇവ ജലഗതാഗത വകുപ്പിന് കൈമാറുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.