ഈ ദ്വീപിൽ മൂന്ന് ദിവസം താമസിക്കൂ; 18,000 രൂപ സർക്കാർ തരും
text_fieldsമനോഹരമായ ബീച്ചുകളാലും ചരിത്രം നിറഞ്ഞുനിൽക്കുന്ന ഇടങ്ങളാലും ഏറെ പ്രശസ്തമാണ് മാൾട്ട. യൂറോപ്പിലെ ഈ ദ്വീപ് രാജ്യം ടൂറിസത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. കോവിഡ് വന്നതോടെ സമ്പദ് വ്യവസ്ഥയാകെ തകർന്നു. അതിനാൽ വീണ്ടും ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. വിദേശ സഞ്ചാരികൾ ഈ വേനൽക്കാലത്ത് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും താമസിച്ചാൽ 200 യൂറോ വരെ (ഏകദേശം 18,000 രൂപ) സമ്മാനമായി സർക്കാർ നൽകും.
കഴിഞ്ഞദിവസം ടൂറിസം മന്ത്രി ക്ലേട്ടൺ ബാർട്ടോലോയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ഹോട്ടലുകൾ വഴി വേനൽക്കാല അവധി ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യം ബുക്ക് ചെയ്യുന്ന സഞ്ചാരികൾക്കാണ് മാൾട്ട ടൂറിസം അതോറിറ്റി 200 യൂറോ നൽകുക.
ഫോർ സ്റ്റാർ ഹോട്ടൽ തിരഞ്ഞെടുക്കുന്നവർക്ക് 150 യൂറോയും ത്രീ സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുന്നവർക്ക് 100 യൂറോയും ലഭിക്കും. ഏകദേശം 35,000 സന്ദർശകർക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം ടൂറിസം നേരിട്ടും അല്ലാതെയും മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥയുടെ 27 ശതമാനത്തിലധികമാണ്. 2019ൽ രാജ്യത്ത് 2.7 ദശലക്ഷത്തിലധികം വിദേശ സന്ദർശകരാണ് എത്തിയത്. എന്നാൽ, കോവിഡ് വന്നതോടെ 80 ശതമാനത്തിലധികം ഇടിഞ്ഞു.
യൂറോപ്യൻ യൂനിയനിൽ ഏറ്റവും കൂടുതൽ വൈറസ് പ്രതിരോധ കുത്തിെവപ്പ് നിരക്ക് മാൾട്ടയിലാണ്. 42 ശതമാനം പേർക്കാണ് ആദ്യ ഡോസ് നൽകിയിട്ടുള്ളത്. കൂടാതെ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടുമുണ്ട്. പോസിറ്റിവിറ്റി നിരക്ക് 2.6 ശതമാനം മാത്രമാണ്.
മെഡിറ്ററേനിയൻ കടലിൽ മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപ സമൂഹമാണ് മാൾട്ട. ഇറ്റലിയിലെ സിസിലിയിൽ നിന്നും 93 കിലോമീറ്റർ അകലെയാണിത്. ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്‍റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്‍റിയന്മാർ, അറബികൾ, നോർമനുകൾ എന്നിവരെല്ലാം പല കാലഘട്ടങ്ങളിലായി മാൾട്ട കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.