വിനോദസഞ്ചാര മേഖലയുടെ മുഖച്ഛായ മാറ്റാന്‍ 'സ്ട്രീറ്റ്'
text_fieldsമാനന്തവാടി: ടൂറിസം മേഖലക്ക് പുത്തനുണര്‍വേകി 'സ്ട്രീറ്റ്' പദ്ധതി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 'ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേനെ നടപ്പാക്കുന്ന പദ്ധതിയാണ് സ്ട്രീറ്റ്. ഈ പദ്ധതിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാനന്തവാടി എം.എൽ.എ ഒ.ആര്‍. കേളു നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറ്റി സമീപപ്രദേശങ്ങള്‍ കൂടി ടൂറിസപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിലക്ഷ്യം. നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളേയും ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെയുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ജില്ലയില്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ആദ്യഘട്ടത്തിലെ പ്രദേശിക സാധ്യതാപഠനം പൂര്‍ത്തിയാക്കി. ഫാം ടൂറിസം, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, റിവര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളാണ് സ്ട്രീറ്റ് പദ്ധതിയില്‍ ഉണ്ടാകുക.
ഓരോ പ്രദേശത്തിന്‍റെയും സാധ്യതകള്‍ക്കനുസരിച്ച് വനിത സംരംഭകരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്‍റെ സാധ്യതകള്‍ക്കനുസരിച്ച് അതത് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്ട്രീറ്റ് പദ്ധതി കാര്യക്ഷമമാകുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.