തിരക്കിലമർന്ന് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsപൊഴുതന: വേനലവധി തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സഞ്ചാരികളുടെ തിരക്കിലമർന്ന് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുമാണ് കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ സഞ്ചാരികളുടെ ഒഴുക്കാണ് ഇപ്പോഴും തുടരുന്നത്.
സാഹസിക സഞ്ചാരത്തോടപ്പം പ്രകൃതി ഭംഗിയും കണ്ട് പരമാവധി പ്രയോജനപ്പെടുത്തുകയാണ് സഞ്ചാരികൾ. ഡി.ടി.പി.സി, വനംവകുപ്പ്, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ ഹൈറേഞ്ച് മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലും വൻ തിരക്കാണ്. ജില്ലയിലെ പ്രധാന സാഹസിക വിനോദ സഞ്ചാര പ്രദേശങ്ങളായ പൊഴുതന, വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലെ സ്വീപ്പ് ലൈൻ, ഹോഴ്സ് റൈഡിങ്, സൈക്കിളിങ് തുടങ്ങിയ സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഏറെയും. മലയോരത്തെ സ്വകാര്യ എസ്റ്റേറ്റുകൾ മിക്കതും വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റി.
ബ്രിട്ടീഷ് കാലത്ത് നിർമിച്ച പല ബംഗ്ലാവുകളും റിസോർട്ടുകളായി. തേയില മ്യൂസിയവും ടെന്റ് ഹൗസുകളും വന്നതോടെ ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ഈ മേഖലയിൽ ലഭിക്കുന്നുണ്ട്. ശരാശരി ദിവസേന ആയിരത്തിന് മുകളിൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ചെമ്പ്രമല, കർലാട് തടാകം, കുറുവ ദ്വീപ് എന്നിവിടങ്ങളിലേക്കും നിറയെ സഞ്ചാരികൾ എത്തി. സഞ്ചാരകേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളിലും നല്ല കച്ചവടം ലഭിക്കുന്നുണ്ട്. റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം നിറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.