ചുറ്റുപാടും വിനോദ കേന്ദ്രങ്ങൾ; കോർത്തിണക്കിയാൽ സഞ്ചാരികൾക്ക് ഉപകാരപ്പെടും
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴക്ക് ചുറ്റുപാടുമായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ഗുഹയും വെള്ളച്ചാട്ടവും ചെക്ഡാമും കാവും ഉൾപ്പെടെ അടങ്ങിയ ഇൗ ഗ്രാമീണ കാഴ്ചവസന്തം കൂട്ടിയിണക്കിയാൽ സഞ്ചാരികൾക്ക് അതൊരു വിസ്മയക്കാഴ്ചയാണ്. ഇതിന് ആസൂത്രണത്തോടെയുള്ള പദ്ധതി വേണമെന്ന് മാത്രം. പത്തു കിലോ മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന അരീക്കൽ ഗുഹ, മയിലാടുംപാറ, ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രമായ അരുവിക്കല്‍ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കല്‍ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ, പുളിക്കൻ പാറ തുടങ്ങി കാഴ്ചകളും സാഹസികതയും തീർഥാടനവുമൊക്കെ സംഗമിക്കുന്ന പദ്ധതി ആവശ്യപെട്ട് മാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബിയുടെ നേതൃത്വത്തിൽ ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. മാറാടി, വാളകം, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലായാണ് പ്രകൃതി രമണീയമായ ഈ ദൃശ്യ വിരുന്നുകൾ.
മലനിരകളും വനമേഖലയും മനോഹരപ്രകൃതി ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന മയിലാടുംപാറ, ശൂലം വെള്ളച്ചാട്ടം, അരുവിക്കൽ വന ക്ഷേത്രം, പുളിക്കൻപാറ എന്നിവ മാറാടി പഞ്ചായത്തിലാണ്. രാമമംഗലം പഞ്ചായത്തിലാണ് കൊടികുത്തി ഗുഹ. അരുവിക്കൽ വെള്ളച്ചാട്ടം, അരീക്കൽ ഗുഹ എന്നിവ പാമ്പാക്കുട പഞ്ചായത്തിലും കായനാട് ചെക്ക്ഡാം വാളകം പഞ്ചായത്തിലും ദൃശ്യ വിരുന്ന് ഒരുക്കുന്നു. 10 വർഷം മുമ്പ് ഇതിനുള്ള പദ്ധതി തയാറാക്കിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. ശൂലം വെള്ളച്ചാട്ടവും കൊടികുത്തി ഗുഹയും ഒക്കെ കാണാൻ വലിയ തോതിൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് ആവശ്യം വീണ്ടും സജീവമായത്.
ശൂലം വെള്ളച്ചാട്ടത്തിലേക്ക് ഒഴുകിയെത്തുന്ന അരുവിയുടെ ഇരുവശങ്ങളിലും വർണവിളക്കുകൾ സ്ഥാപിക്കാനും പ്രകൃതിഭംഗിക്ക് മിഴിവേകുന്ന നിലയിൽ ഉദ്യാനങ്ങളും മിയാവാക്കി വനങ്ങളും നടപ്പാതകളും ഒരുക്കുന്നതിനും മാറാടി പഞ്ചായത്ത് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യബോർഡിെൻറ സഹകരണത്തോടെയാണ് പദ്ധതി. ശൂലം വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റന്‍ പാറക്കുളത്തിെൻറ ഒരു ഭാഗത്ത് സന്ധ്യാസമയത്ത് നാടൻകലകൾ അവതരിപ്പിക്കാൻ കുടുംബശ്രീയുടെ സഹകരണത്തോടെ ഭക്ഷ്യമേളകളും മറ്റും സംഘടിപ്പിക്കും. ആറ് ഏക്കറോളം സർക്കാർ സ്ഥലത്ത് മത്സ്യക്കുളങ്ങളും ചിത്രശലഭ ഉദ്യാനവും മറ്റും ഒരുക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.