നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് ഫെറി സർവീസ് തുടങ്ങി
text_fieldsതമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള പാസഞ്ചർ ഫെറി സർവീസ് ആരംഭിച്ചു. ഏകദേശം 12 വർഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കപ്പല്‍യാത്ര സാധ്യമാക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എസ്.സി.ഐ) ഫെറി സർവീസ് നടത്തുക.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് ജാഫ്നയിലേക്കും തമിഴ്‌നാട്ടിലേക്കും തുച്ഛമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്. ഫെറി സർവീസ് നടത്തുന്ന കപ്പലിന് ചെറിയപാണി എന്നാണ് പേര് നൽകിയത്.
ഏകദേശം 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ഫെറിക്ക് കഴിയും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൂടെ കൊണ്ടുപോകാം. 1900 കളിലെ നാവിക ബന്ധങ്ങള്‍ ഈ സംരംഭം വഴി പുനരാവിഷ്കരിക്കപ്പെടും.
തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്ക്കും കൊളംബോയ്ക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന ഇന്തോ-സിലോൺ എക്‌സ്‌പ്രസ് ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ 1982 ൽ നിർത്തിവച്ചിരുന്നു. പിന്നീട് 2011ൽ കടൽ വഴിയുള്ള ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെ തുടർന്നാണ് ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത്. ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത് പ്രാദേശിക വ്യാപാരവും വിനോദസഞ്ചാരവും വർധിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.