ചോയ്ച്ചു ചോയ്ച്ചു പോയി ഹംപിയിലേക്ക്...അധ്യാപിക സ്കൂട്ടറിൽ യാത്ര ചെയ്തത് 1900 കിലോ മീറ്റർ
text_fieldsകോട്ടയം: പുത്തൻ സ്കൂട്ടറിൽ ഒറ്റക്ക് ഹംപിയിലേക്ക് യാത്ര പോയാലോ. യാത്ര ലഹരിയായ അധ്യാപിക മനീഷ് മാത്യു (40) ക്രിസ്മസ് കാലത്ത് അങ്ങനെയൊന്ന് ചിന്തിച്ചപ്പോഴേക്കും കട്ട സപ്പോർട്ടുമായി ഭർത്താവും മക്കളുമെത്തി. 'വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ ഫൺ' എന്നായിരുന്നു മകളുടെ ചോദ്യം. പിന്നെ സംശയിച്ചില്ല. ബാക്ക് പാക്കുമായി ഒറ്റപ്പോക്കുപോയി. ഹോണ്ട ഡിയോയിൽ 1900 കിലോമീറ്റർ യാത്ര ചെയ്ത് സുഖമായി തിരിച്ചെത്തി. ചെറുപ്പം മുതലേ യാത്ര ഇഷ്ടമായിരുന്നു. ഇടക്കിടെ കുടുംബവുമൊത്ത് യാത്ര പതിവുമാണ്. യാത്രയിൽ വഴികളൊക്കെ നോക്കിപ്പഠിക്കും. ഹംപി മനസ്സിൽ കൂടിക്കയറിയിട്ട് നാളേറെയായി. സമയവും സൗകര്യവും ഒത്തുവന്നപ്പോൾ ഭർത്താവിനും മക്കൾക്കും തിരക്ക്.
എന്നാൽ, ഒറ്റക്കു പോകാമെന്ന് കരുതി. ജി.പി.എസ് വഴിതെറ്റിച്ച വാർത്തകൾ കേട്ടിട്ടുള്ളതിനാൽ ആളെ അത്രക്കങ്ങോട്ട് വിശ്വാസത്തിലെടുത്തില്ല. ദിശബോർഡുകൾ നോക്കിയും ചോദിച്ചുമൊക്കെയായിരുന്നു യാത്ര. ഒറ്റക്കാണെന്ന് കണ്ടതോടെ പലർക്കും അത്ഭുതം. അതോടെ ആത്മവിശ്വാസം കൂടി. യാത്രയിലൊരിടത്തും മോശം അനുഭവങ്ങളുണ്ടായില്ല. വൈകീട്ട് ആറുമണിയാകുന്നതോടെ റോഡരികിൽ തന്നെയുള്ള ലോഡ്ജിൽ മുറിയെടുത്തു കൂടും. രാവിലെ വീണ്ടും യാത്ര തിരിക്കും. രണ്ടു ദിവസമെടുത്തു അവിടെയെത്താൻ. ഒരു ദിവസം മുഴുവൻ ഹംപി കണ്ടുനടന്നു. തിരിച്ച് രണ്ടു ദിവസം കൊണ്ട് വീട്ടിലുമെത്തി. യാത്ര നൽകിയ ആനന്ദത്തിലാണ് ഇപ്പോഴും മനസ്സ്. പാലാ രാമപുരം മാർ ആഗസ്തിനോസ് കോളജിലെ ബയോ ടെക്നോളജി അധ്യാപികയാണ് മനീഷ്. ഭർത്താവ് കെ.എം. ബിജു കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആണ്. വിദ്യാർഥികളായ ലിയോൺ, അലീന, നോയൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.