ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി തായ്ലാൻഡ്; പ്രവേശന സർട്ടിഫിക്കറ്റുകൾ റദ്ദാക്കും
text_fieldsന്യൂഡൽഹി: വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാരെ വിലക്കി തായ്ലാൻഡ്. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് ന്യൂഡൽഹിയിലെ തായ് എംബസി അറിയിച്ചു. അതേസമയം, തായ് പൗരന്മാർക്ക് തിരികെ പോകാൻ സൗകര്യമൊരുക്കും. തായ്‌ലൻഡ് പൊതുജനാരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ മുന്നറിയിപ്പ് പ്രകാരമാണ് തീരുമാനം.
കോവിഡിെൻറ സാഹചര്യത്തിൽ വിദേശ സഞ്ചാരികൾക്കായി തായ്ലാൻഡിൽ പ്രവേശിക്കാൻ പ്രവേശന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇന്ത്യയിൽനിന്നുള്ള തായ് ഇതര പൗരൻമാർക്ക് പ്രവേശന സർട്ടിഫിക്കറ്റ് നൽകില്ലെന്ന് എംബസി വ്യക്തമാക്കി. 2021 മെയ് ഒന്നിന് ശേഷം ഇന്ത്യയിൽനിന്ന് തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ നൽകിയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യും.
മെയിൽ ന്യൂഡൽഹിയിൽനിന്ന് മൂന്ന് വിമാനങ്ങൾ തായ്‌ലൻഡിൽ ഇറങ്ങാൻ അനുമതി നൽകുമെന്നും തായ് എംബസി അറിയിച്ചു. മെയ് ഒന്ന്, 15, 22 എന്നീ ദിവസങ്ങളിലാണ് തായ് പൗരൻമാരുമായി വിമാനം പറക്കുക.
ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് തായ്ലാൻഡ്. കോവിഡ് കാരണം മാസങ്ങളോളം രാജ്യം അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ കടുത്ത നിബന്ധനകളോടെ വിദേശ സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. ഏപ്രിലിൽ 602 ഇന്ത്യക്കാരാണ് തായ്ലാൻഡിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.