തലശ്ശേരി കടൽത്തീരം ടൂറിസം ഹബ്ബാകും
text_fieldsതലശ്ശേരി: പൈതൃക നഗരിയായ തലശ്ശേരിയിലെ കടൽപ്പാലവും പരിസരവും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നു. കേന്ദ്ര തുറമുഖ- ഷിപ്പിങ് - ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സൊനോവാളും സ്പീക്കർ എ.എൻ. ഷംസീറും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തലശ്ശേരി കടൽപ്പാലവും അനുബന്ധ മേഖലകളും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി വികസിപ്പിക്കാമെന്ന് മന്ത്രിയിൽ നിന്ന് സ്പീക്കർക്ക് ഉറപ്പ് ലഭിച്ചു.
തലശ്ശേരി കടൽപ്പാലത്തിന്റെ ഇന്നത്തെ ദുരവസ്ഥയും ചരിത്ര പശ്ചാത്തലവും സ്പീക്കർ കേന്ദ്രമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദ നിവേദനവും സ്പീക്കർ കേന്ദ്രമന്ത്രിക്ക് കൈമാറി. ഇക്കാര്യത്തിൽ അനുകൂല നടപടി പരമാവധി വേഗത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. തുറമുഖ- ഷിപ്പിങ് വകുപ്പ് മന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. സ്പീക്കർക്കൊപ്പം അസി.പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറും ചർച്ചയിൽ പങ്കെടുത്തു.
പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കടൽപ്പാലത്തിന് സമീപം നടപ്പാത നിർമിച്ചത് വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. സായാഹ്നങ്ങളിൽ നഗരവാസികൾ ഉല്ലാസത്തിന് എത്തുന്നത് ഇവിടെയാണ്. ഇരിപ്പിടവും വൈദ്യുതി വിളക്കുകളും ഉൾപ്പെടെ നടപ്പാതയിൽ സജ്ജമാക്കിയിരുന്നു. ഇതോടൊപ്പം പിയർ റോഡ് നവീകരണവും നടത്തിയിരുന്നു.
സിനിമക്കാരുടെ പ്രധാന ലൊക്കേഷനായി ഇവിടം മാറിയതോടെ തലശ്ശേരി ടൂറിസം മേഖലയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.