വിനോദ സഞ്ചാരം: തലശ്ശേരിക്ക് പുതുമോടി
text_fieldsതലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡും സ്ഥാപനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനമാണ് ചൊവ്വാഴ്ച പിയർ റോഡ് പരിസരത്ത് സജ്ജമായ പെർഫോമൻസ് കേന്ദ്രത്തിൽ ഒാൺലൈനായി മുഖ്യമന്ത്രി നിർവഹിച്ചത്.
ഒന്നാംഘട്ടത്തിൽ മൂന്ന് പദ്ധതികളാണ് പൂർത്തിയായത്. നവീകരിച്ച ഗുണ്ടർട്ട് ബംഗ്ലാവ്, പുതുക്കിപ്പണിത ഫയർടാങ്കും പെർഫോമിങ് കേന്ദ്രവും, സൗന്ദര്യവത്കരിച്ച പിയർ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
മൊയ്തുപാലം സംരക്ഷണമുൾപ്പെടെ നാലു പദ്ധതികളാണ് ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. മൊയ്തുപാലത്തിെൻറ സുരക്ഷ സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പദ്ധതി തുടങ്ങിയിട്ടില്ല.
ഗുണ്ടർട്ട് ബംഗ്ലാവ് സംരക്ഷണത്തിന് 2.1 കോടി രൂപയാണ് ചെലവ്. കെട്ടിട നവീകരണം, ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, ലാൻഡ് സ്കേപ്പിങ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. പഴയ ഫയർടാങ്ക് സംരക്ഷണത്തിനും പെർഫോമൻസ് കേന്ദ്രം, താഴെ അങ്ങാടി പൈതൃക തെരുവ് എന്നിവക്കും 60.76 ലക്ഷം രൂപയാണ് ചെലവ്.
പവലിയൻ, ഗാലറി, തെരുവ് വിളക്ക്, ഇൻറർലോക്ക് എന്നിവയാണ് നടപ്പിലാക്കിയത്. പിയർ റോഡ് സംരക്ഷണത്തിനും വികസനത്തിനും ഫുഡ് സ്ട്രീറ്റ്, പാർക്ക് എന്നിവക്ക് 2.12 കോടി രൂപയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്കുകൾ, ടോയ്ലറ്റ് ബ്ലോക്ക്, ഇൻറർലോക്ക്, അഴുക്കുചാൽ എന്നിവ നിർമിച്ചു.
ഗുണ്ടർട്ട് മ്യൂസിയം, ജഗന്നാഥ ക്ഷേത്ര മ്യൂസിയം, ആംഗ്ലിക്കൻ ചർച്ച് നവീകരണം, തായലങ്ങാടി തെരുവ് നവീകരണം എന്നിവ രണ്ടാംഘട്ടത്തിൽ നടപ്പിലാക്കും. ഗുണ്ടർട്ട് ബംഗ്ലാവിൽ ലാംഗ്വേജ് മ്യൂസിയവും ജർമൻ സ്റ്റഡി സെൻററും തുടങ്ങും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പിയർ റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ജമുനറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാംഗം ഫൈസൽ പുനത്തിൽ, എം. ബാലൻ, പി.വി. രാധാകൃഷ്ണൻ, കെ.വി. രജീഷ്, ഡി.ടി.പി.സി സെക്രട്ടറി കെ.സി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. തൊഴിലാളികൾ അണിനിരന്ന തലശ്ശേരി ഓർക്കസ്ട്രയുടെ ഗാനമേളയുമുണ്ടായി.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി
തലശ്ശേരിയുടെ ടൂറിസം സാധ്യതകൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്താനും പ്രദേശത്തെ പൈതൃക സമ്പത്ത് സംരക്ഷിക്കാനും സംസ്ഥാന സർക്കാർ വിനോദ സഞ്ചാര വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി പൈതൃക-ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പഴശ്ശി സർക്യൂട്ട്, കൾചറൽ സർക്യൂട്ട്, ഫോക്ലോർ സർക്യൂട്ട് എന്നിങ്ങനെ വിവിധ പദ്ധതികൾ ഇതിെൻറ ഭാഗമായി നടപ്പിലാക്കിവരുകയാണ്.
കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ആവിഷ്കരിച്ചത്. ഡി എർത്തിലെ വിവേകാണ് ഒന്നാംഘട്ട പദ്ധതി രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.