അഗസ്ത്യകൂടം തീർഥാടനം 18ന് തുടങ്ങി 26ന് സമാപിക്കും
text_fieldsനെടുമങ്ങാട്: വനംവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ മലകയറ്റമായ അഗസ്ത്യകൂടം തീർഥാടനം 18ന് തുടങ്ങി 26ന് സമാപിക്കും. ഒരു ദിവസം പ്രവേശനം 75 പേർക്കു മാത്രമാണ്. ജനുവരി 15 വൈകുന്നേരം 4 മണി മുതൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പു സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് 1580 രൂപയാണ് ടിക്കറ്റ് നിരക്ക്. പരമാവധി അഞ്ചു പേർക്ക് ബുക്കുചെയ്യാം. അതീവ ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്രയായതിനാൽ ശാരീരികക്ഷമതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.
14 വയസിനു താഴെയുള്ള കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്‍റ് ഔട്ട് പകർപ്പ് സഹിതം ഓരോ തിരിച്ചറിയൽ കാർഡും കോപ്പിയും ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിലും ഗൈഡിന്‍റെ സേവനം ലഭ്യമാണ്. സംരക്ഷിത വനമേഖല ആയതിനാൽ ട്രക്കിങ്ങിനിടയിൽ പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരിപദാർഥങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളിൽ ഇടത്താവളം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും പ്രവേശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.