കോവിഡ് വാക്സിനെടുത്തവർക്ക് ഒരു വർഷം സൗജന്യ യാത്രയുമായി വിമാന കമ്പനി
text_fieldsകോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാനഘടകമാണ് വാക്സിനേഷൻ. ഓരോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ വാക്സിനെടുക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിനും എടുത്ത സഞ്ചാരികളെ ഇപ്പോൾ പല രാജ്യങ്ങളും സ്വാഗതം ചെയ്യുന്നുണ്ട്.
അതേസമയം, കോവിഡ് വാക്സിൻ എടുത്തവർക്ക് ഒരു വർഷത്തേക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാച്ചിരിക്കുകയാണ് അമേരിക്കൻ വിമാനകമ്പനിയായ യുനൈറ്റഡ് എയർലൈൻസ്. 'ഷോട്ട് ടു ൈഫ്ല' പദ്ധതി പ്രകാരം ജൂണിൽ എല്ലാ ദിവസവും രണ്ടുപേർക്ക് റൗണ്ട് ട്രിപ്പും അഞ്ചുപേർക്ക് ഒരു വർഷത്തേക്കുള്ള പാസുമാണ് നൽകുക.
ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിൽ ഞങ്ങളും പങ്കുചേരുന്നതിൽ അഭിമാനമുണ്ടെന്ന് യുനൈറ്റഡ് സി.ഇ.ഒ സ്കോട്ട് കിർബി പറഞ്ഞു. 'വാക്സിനേഷൻ എടുക്കാൻ ആളുകൾക്ക് ഒരു കാരണം കൂടി നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതുവഴി അവർക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ഏറെ നാളുകൾക്ക് ശേഷം കാണാനാകും. കൂടാതെ അവധിക്കാലം ആസ്വദിക്കാനും സാധിക്കും' -സ്കോട്ട് കിർബി കൂട്ടിച്ചേർത്തു.
യുനൈറ്റഡ് മൈലേജ്പ്ലസ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്കാണ് ഇതിന് യോഗ്യത ലഭിക്കുക. അഥവാ അംഗമല്ലെങ്കിൽ ഓൺലൈൻ വഴി സൗജന്യമായി ചേരാം. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു യു.എസ് നിവാസിക്കും ഇതിൽ പങ്കെടുക്കാം.
യാത്രക്കാർക്ക് വാക്സിനേഷൻ രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റിലോ യുനൈറ്റഡ് എന്ന ആപ്പിലോ ജൂൺ 22 വരെ അപ്‌ലോഡ് ചെയ്യാം. തുടർന്ന്, ജൂൺ മാസത്തിൽ എല്ലാ ദിവസവും തെരഞ്ഞെടുക്കുന്നവർക്ക് കമ്പനി ഒരു സൗജന്യ റൗണ്ട്ട്രിപ്പ് നൽകും. ഇതിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. യുനൈറ്റഡ് സർവിസ് നടത്തുന്ന ലോകത്തെവിടേക്കും ഇവർക്ക് പറക്കാനാകും. ഇത്തരത്തിൽ മത്സരം അവസാനിക്കുന്നത് വരെ 30 ജോഡി ടിക്കറ്റുകൾ കമ്പനി നൽകും.
ജൂലൈ ഒന്നിനാണ് മെഗാവിജയികളെ തെരഞ്ഞെടുക്കുക. ഒരു വർഷത്തേക്ക് സൗജന്യ യാത്ര ലഭിക്കുന്ന പാസ് അഞ്ചുപേർക്കാണ് നൽകുക. അതേസമയം, ഇവർക്ക് യാത്രയിൽ ഒരാളെ കൂടി ഉൾപ്പെടുത്താൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.