രാജ്യത്ത് ഏകീകൃത യാത്രാ മാനദണ്ഡങ്ങൾ വരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും
text_fieldsരാജ്യത്ത് കോവിഡിന്‍റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലുള്ള നിബന്ധനകളാണ് യാത്രക്കാർക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. ചില സംസ്ഥാനങ്ങൾ വാക്സിൻ എടുത്താൽ തന്നെ പ്രവേശനം അനുവദിക്കും. എന്നാൽ, ചിലയിടങ്ങളിൽ ഇതിന് പുറമെ ആർ.ടി.പി.സി.ആർ ഫലവും നിർബന്ധമാണ്. ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം നിബന്ധനകൾ അധികമുള്ളത്.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാരെയും വലക്കുന്നുണ്ട്. പലപ്പോഴും ഇതിൽ മാറ്റം വരികയും ചെയ്യുന്നു. ഇതിന് അറുതിവരുത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ റുപീന്ദർ ബ്രാർ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേേമ്പഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്സ്ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകും. ഇത് ആളുകൾക്ക് കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകുമെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര യാത്രകൾ വീണ്ടും ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുകയാണ്. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളും തയാറാക്കുന്നുണ്ട്. ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.