ഡെപ്യൂട്ടി സ്പീക്കർ എത്തി; വിജയശ്രീലാളിതയായി തിരിച്ചെത്തിയ സോനുവിനെ കാണാൻ
text_fieldsഅടൂർ: മലനിരകൾ താണ്ടാൻ ജോലി ഉപേക്ഷിച്ച് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയശേഷം തിരിച്ച് നാട്ടിലെത്തിയ അടൂർ സ്വദേശിനി സോനു സോമന് അഭിനന്ദനങ്ങളുമായി ഡെപ്യൂട്ടി സ്പീക്കർ എത്തി. സോനുവിനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീട്ടിൽ നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്.
നേരത്തേ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോകാൻ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച സോനുവിനെ യാത്രയാക്കാനും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എത്തിയിരുന്നു. സ്ത്രീകൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണ് സോനുവിന്റെ നേട്ടം എന്ന് പറഞ്ഞ ചിറ്റയം ഇനിയും ഉയരങ്ങൾ താണ്ടാൻ സോനുവിന് സാധിക്കട്ടെ എന്ന് ആശംസിച്ചു. ചിറകുകളേകി ട്രെക്കിങ്ങിൽ വിജയക്കൊടി പാറിച്ചശേഷമാണ് സോനുവിന്റെ ഈ നേട്ടം.
27 വയസ്സ് മാത്രം പ്രായമുള്ള അടൂർ ശ്രീകാർത്തികയിൽ സോനു സോമന് ചെറുപ്പത്തിലേ തുടങ്ങിയതാണ് കാടിനോടും മലകളോടുമുള്ള പ്രണയം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടഭൂമിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് വരെ എത്തിയിരിക്കുകയാണ് അതിപ്പോൾ.
മാതാപിതാക്കളായ എസ്.സോമനും രേഖയും വലിയ പിന്തുണയാണ് നൽകുന്നത്. അതുൽ സോമൻ സഹോദരനാണ്. നാലുവർഷമായി സോനു സോമൻ ട്രെക്കിങ് തുടങ്ങിയിട്ട്. ബംഗളൂരുവിൽ ഓൺലൈൻ കമ്പനിയിയിലെ ജോലി രാജിവെച്ചാണ് സോനു ട്രെക്കിങ്ങിന് ഇറങ്ങിത്തിരിച്ചത്.
ജോലിചെയ്തിരുന്ന സമയത്ത് ഒഴിവുകിട്ടുമ്പോൾ ബംഗളൂരുവിലെ കാടുകളും മലകളും സോനു നടന്നുകയറിയിട്ടുണ്ട്. ഒപ്പം അഗസ്ത്യാർകൂടം, ബ്രഹ്മഗിരി എന്നിവിടങ്ങളിലൊക്കെ സോനു ട്രെക്കിങ് നടത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.