ബ്രൂസ് ബേയിലെ നല്ല മനുഷ്യർ; ഒരു ന്യൂസീലാൻഡ് യാത്രാനുഭവം
text_fieldsന്യൂസിലൻഡിലെ തെക്കേ ദ്വീപിലെ മധ്യഭാഗത്തായുള്ള വണാക എന്ന മനോഹരമായ സ്ഥലത്തുനിന്നും ഏകദേശം 300 കിലോമീറ്റർ ദൂരെ ഫ്രാൻസ് ജോസഫ് ഗ്ലാസിയറിലേക്കുള്ള യാത്രയിലാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ കടൽ തീരം കാണുന്നത്. വെസ്റ്റ് കോസ്റ്റ് റോഡ് എന്ന് ബോർഡുകളിൽ കാണുന്ന പാതയിലേക്ക് എത്തിച്ചേരുന്നത് വണാകയിൽനിന്നും ഏകദേശം 150 കി.മീറ്റർ അപ്പുറത്തെ ഹാസ്റ്റ് എന്ന കടലോര പ്രദേശത്തിലൂടെയാണ്. കാതടിപ്പിക്കുന്ന കാറ്റ് മുരണ്ടുകൊണ്ടിരിക്കുന്ന മങ്ങിയ നിറമുള്ള ഒരു കടലോര പാതയാണിത്.
ഇടതുവശത്ത് ഭ്രാന്തു പിടിച്ച പോലെ അലമുറയിടുന്ന ടാസ്മാൻ കടൽ, വലതു ഭാഗത്ത് പടിഞ്ഞാറൻ കാറ്റേറ്റ് പ്രത്യേക അനുപാതത്തിൽ കിഴക്ക് ഭാഗത്തേക്ക് ചെരിഞ്ഞുനിൽക്കുന്ന വനം. പുലർച്ചെ അഞ്ചരക്ക് യാത്ര തുടങ്ങുന്ന സമയത്തു 5ഡിഗ്രി സെൽഷ്യസ് തണുപ്പുണ്ട്. സൂര്യൻ ഉദിക്കുന്നത് ഏകദേശം ഏഴര മണിക്കാണ്. അതുവരെയുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ടുള്ള ഘടകം. രാത്രിയേക്കാൾ കൂരാകൂരിരുട്ടാണ് ഈ രണ്ടര മണിക്കൂർ സമയം. രാവിലെ തുടങ്ങുന്ന യാത്രയിൽ ഒന്നര മണിക്കൂറോ 75മുതൽ 100 കി.മീറ്റർ ദൂരമോ പിന്നിടുമ്പോൾ കോഫി ബ്രേക്ക് എടുക്കും. വഴിയിലെ പമ്പിൽനിന്നും കഴിക്കുന്ന ചൂടൻ ക്യാപ്പുച്ചിനോക്കൊപ്പം വണ്ടിയുടെ ടാങ്കും നിറക്കും. ഇന്ധനം അടിച്ച വണ്ടിയുമായി പുതിയ കാഴ്ചകൾ കാണാൻ കണ്ണിനെ ഒരുക്കിക്കൊണ്ട് പുറപ്പെടും.
ഹാസ്റ്റിന് പടിഞ്ഞാറ് വശത്തു ഏകദേശം 2000 കി.മീറ്റർ അപ്പുറത്തായാണ് ആസ്ട്രേലിയയിലെ മെൽബൺ, സിഡ്നി തുടങ്ങിയ വൻ നഗരങ്ങൾ. വെസ്റ്റ് കോസ്റ്റ് പാതയിലേക്ക് ഹാസ്റ്റിലൂടെ ഞാൻ കടന്നു. ഹാസ്റ്റ് നല്ല ഒരു തീരദേശ നഗരമാണ്. എന്നാൽ ഇവിടെ പ്രത്യേകിച്ച് ഒന്നും കാണാനില്ലാത്തതിനാൽ വണ്ടി നിർത്താതെ പടിഞ്ഞാറൻ തീരദേശ പാതയിലൂടെ കാഴ്ചകൾ ഒക്കെ കണ്ടാണ് യാത്ര തുടർന്നത്. മനുഷ്യവാസം ഒട്ടും ഇല്ലാത്ത പ്രദേശങ്ങൾ, ഇടയ്ക്കിടെ ഇരുണ്ട വനങ്ങൾ, സിഗ്നൽ ഇല്ലാത്തതിനാൽ ടെലിഫോണും ജി.പി.എസും നിശബ്ദം. ഒരിടത്തു പോലും ഒരു പെട്രോൾ സ്റ്റേഷന്റെയോ അല്ലെങ്കിൽ സർവീസസ് എന്ന് കാണിക്കുന്ന ഒരു സൈൻ ബോർഡ് പോലും കണ്ണിൽ പെട്ടില്ല .
അതി ശക്തമായ പടിഞ്ഞാറൻ കാറ്റ്, ഹാൻഡിൽ ഇടത്തേക്ക് തിരിച്ചു വെച്ച് ഓടിക്കുമ്പോഴും വണ്ടി മെല്ലെ മെല്ലെ വലതു വശത്തേക്ക് തെന്നിതെന്നി പോവുന്നുണ്ട്. ഫ്യൂവൽ മീറ്റർ മെല്ലെ മെല്ലെ താഴേക്ക്. ന്യൂസീലൻഡ് പോലുള്ള ഒരു രാജ്യത്ത് അമ്പതോ എഴുപത്തഞ്ചോ കി.മീറ്റർ ദൂരം ഒരു പമ്പ് പോലും ഇല്ലാത്ത സ്ഥലം ഉണ്ടാവുമോ?.
സ്വയം ആശ്വസിപ്പിക്കാനായി ഉറക്കെ ഉറക്കെ പാട്ടും കവിതകളും ഒക്കെ ചൊല്ലി പോവുന്നതിനിടക്ക് ‘ബ്രൂസ് ബേ’ എന്നൊരു ബോർഡ്. ബ്രൂസ്ലിയെ ഓർത്തപ്പോൾ ഒരല്പം ആശ്വാസം. പക്ഷെ ഈ പറഞ്ഞ സ്ഥലത്തു എത്തിയപ്പോൾ ഒരു ചെറിയ കഫേ. കാപ്പി, ഐസ്ക്രീം, പിന്നെ ഫ്രീ വൈഫെ ഇതൊക്കെ വിൽക്കാനായി ഒരു സുന്ദരിയും. തൊട്ടടുത്ത് ഒരു ഫിഷിങ് വില്ലജ് എന്ന പേരിൽ ഒന്ന് രണ്ടു വീടുകൾ. അവിടെ പ്രായമായ കുറെ വെള്ളക്കാർ ഇരുന്നു സംസാരിക്കുന്നു . ഫിഷിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ അവർ വാടകക്ക് കൊടുക്കുന്നുണ്ട്.
കോഫിയുടെ കൂടെ ഒരു വൈഫൈ പാസ്സ്വേർഡ് സ്ലിപ് കിട്ടിയത് കൊണ്ട് ബ്രൗസ് ചെയ്തപ്പോൾ ഇനിയും ഏകദേശം 65 കി.മീറ്ററുണ്ട് ലക്ഷ്യത്തിലേക്കെന്ന് മനസിലായി. വിൽപനക്കാരിയോട് പിന്നെയും അല്പം കുശലം പറഞ്ഞപ്പോൾ പടിഞ്ഞാറൻ തീരദേശ റോഡിൽ ഒരു നൂറു കിലോമീറ്ററിനുള്ളിൽ പെട്രോൾ പമ്പുകൾ ഇല്ലെന്നും ഇനിയുള്ളത് എത്താൻ ഏകദേശം 50കി.മീറ്റർ പോകണമെന്നും മനസിലായി.
അതിനിടയിൽ അഞ്ചു ലിറ്ററിന് 25 ഡോളർ എന്ന നിരക്കിൽ പെട്രോൾ അവിടെ ലഭ്യമാണെന്ന് അവൾ പറഞ്ഞു. ഫുൾ ടാങ്കിന് 22 ലിറ്റർ വേണം. പമ്പിൽ ഫുൾടാങ്കിന് 30 ഡോളറെ ആകൂ. ഇന്ത്യയിൽനിന്നുള്ള ഈ പാവം സോളോ റൈഡറുടെ കൈയിനിന്നും ഈ വിഷമ ഘട്ടത്തിൽ ഇത്ര പൈസ വാങ്ങാൻ എങ്ങനെ തോന്നുന്നു? എന്ന് ചോദിച്ചതോടെ അവൾ വിഷമവൃത്തത്തിലായി. ‘സർ ശരിക്കും ഞാനല്ല ഈ സ്ഥാപനത്തിന്റെ ഉടമ, ക്യുഎൻസ് ടൗണിൽ താമസിക്കുന്ന ഒരു സ്ത്രീ യാണ്. അവരോടു ചോദിക്കാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.’
അവൾ കാര്യങ്ങൾ വ്യക്തമാക്കി. പിന്നെ യഥാർഥ ഉടമയെ അവൾ തന്നെ വിളിച്ചു വിവരങ്ങൾ പറഞ്ഞെങ്കിലും കുലുങ്ങുന്ന മട്ടില്ല. അവസാനം ഞാൻ ഫോൺ വാങ്ങി സംസാരിച്ചു. ‘ഹലോ മാഡം. വിജനമായ ഈ കടപ്പുറത്തു ഇത്ര നല്ല ഒരു കഫേ നടത്തണമെങ്കിൽ താങ്കൾ ഈ സ്ക്രീനിൽ കാണുന്ന പോലെ തന്നെ സുന്ദരി ആവണം ..അല്ലാതെ തരമില്ല. മാത്രവുമല്ല ക്യുഎൻസ് ടൗൺ പോലുള്ള ഒരു വശ്യ സുന്ദരമായ പ്രദേശത്തു താമസിക്കുന്ന ആൾ തീർച്ചയായും ഔദാര്യം നിറയെ ഉള്ള ആൾ ആവും എനിക്കുറപ്പാ... ഞാൻ അഷ്റഫ്, ഇന്ത്യയിലെ കേരളത്തിൽനിന്നുമാണ് വരുന്നത്. മോട്ടോർസൈക്കിൾ യാത്രികനാണ്, വളരെ ചുരുങ്ങിയ ചെലവിൽ രാജ്യങ്ങൾ സഞ്ചരിക്കാൻ ആഗ്രഹമുള്ള ഒരാളാണ്.
ചെറിയ ഒരു പിശകാണ് ഇപ്പോൾ ഇങ്ങിനെ ഒരു അവസ്ഥയിൽ എത്തിച്ചത്’. പറഞ്ഞത് ഉടമയുടെ കൈയിലുള്ള കുഞ്ഞിനാണെന്ന് തോന്നുന്നു കൂടുതൽ ഇഷ്ടമായത്. അതെന്നെ നോക്കി ചിരിച്ചു കാണിച്ചു. ഏതായാലും എന്റെ സംസാരം കെള്ളേണ്ടിടത്ത് കൊണ്ടു. പമ്പിൽ അടക്കുന്ന തുകക്ക് പെട്രോൾ തരാമെന്നും കുറച്ച് സൗജന്യമായി തരാമെന്നും അവർ സമ്മതിച്ചു. എന്റെയും കുടുംബത്തിന്റെയും നന്ദി പറഞ്ഞുകൊണ്ട് അര വയർ നിറഞ്ഞ സുസുകിയുമായി ജോസെഫ് ഗ്ലാസിയറിലേക്ക് സന്തോഷത്തോടെ പോവുമ്പോൾ എനിക്കറിയാമായിരുന്നു, വെറും സുന്ദരി എന്നുള്ള പൊക്കിപറച്ചിൽ കേട്ടൊന്നുമല്ല അവർ എന്നെ സഹായിച്ചതെന്ന്. മറിച്ച് അവർ രണ്ടു പേരും എന്നേക്കാൾ മികച്ച മനുഷ്യരായിരുന്നു എന്നത് കൊണ്ടുമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.