കോവിഡ് കാലത്തെ സഞ്ചാരം സുരക്ഷിതമാക്കാൻ പുതിയ 'ട്രാവൽ ടൂൾ' ഫീച്ചറുമായി ഗൂഗ്ൾ
text_fieldsയാത്രയെ ഇഷ്ടപ്പെടുന്നവർക്കും സഞ്ചാരികൾക്കും കോവിഡ് മഹാമാരി സമ്മാനിച്ചത് വളരെ വലിയ ബുദ്ധിമുട്ടാണ്. ലോക്ഡൗണുകളും ഗതാഗത നിയന്ത്രണങ്ങളും വിനോദ കേന്ദ്രങ്ങളുടെ അടച്ചുപൂട്ടലുകളുമൊക്കെ യാത്ര മുടക്കുന്നതിനോടൊപ്പം, പോകുന്നിടങ്ങളിലെ നിയന്ത്രണങ്ങളും മറ്റും മുൻകൂട്ടിയറിയാൻ സാധിക്കാത്തതും തലവേദനയാണ്. സമീപകാലത്തായി തങ്ങളുടെ സെർച്ച് എഞ്ചിനിൽ "travel restrictions", "where to travel" എന്നിങ്ങനെയുള്ള സെർച്ചുകൾ കൂടുകയാണെന്ന് ഗൂഗ്ൾ പറയുന്നുമുണ്ട്.
എന്നാൽ, സഞ്ചാരികളുടെ പ്രശ്നങ്ങൾക്ക് ഗൂഗ്ൾ ഒരു പോംവഴി കണ്ടെത്തിയിട്ടുണ്ട്. ഗൂഗ്ൾ സെർച്ചിലും ഗൂഗ്ൾ മാപ്പ്സിലും ചില പുതിയ ഫീച്ചറുകൾ ചേർത്താണ് കമ്പനി സഞ്ചാരികളെ കൈയ്യിലെടുക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി സെർച്ച് എഞ്ചിനിൽ അവതരിപ്പിക്കുന്ന ട്രാവൽ ടൂൾസിനെ കുറിച്ച് വിശദീകരിക്കുന്നത്. യാത്ര പോകുന്നവർക്ക് അവരുടെ ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ട കോവിഡ് 19 അനുബന്ധ ഉപദേശ നിർദേശങ്ങൾ നൽകുന്ന സംവിധാനങ്ങളാണ് ഗൂഗ്ൾ സെർച്ചിൽ ചേർത്തിരിക്കുന്നത്. അതോടൊപ്പം, റോഡ് ട്രിപ് പ്ലാനറും ഡെസ്റ്റിനേഷനുകൾ കണ്ടെത്താനുള്ള പുതുപുത്തൻ വഴികളുമൊക്കെ ഗൂഗ്ൾ കൊണ്ടുവന്നിട്ടുണ്ട്.
കോവിഡ് ട്രാവൽ അഡ്വൈസറിയിലൂടെ ഗൂഗ്ൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും അവിടെയെത്തിയാലുള്ള ക്വാറൻറീൻ നിയമങ്ങളെ കുറിച്ചുമൊക്കെ വിവരങ്ങൾ നൽകും. ചില സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇ-മെയിൽ വഴി അപ്ഡേറ്റ് നൽകുന്ന സംവിധാനവും ഗൂഗ്ൾ അവതരിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും പിൻവലിച്ചാലും കൂട്ടിയാലും കുറച്ചാലും ഗൂഗ്ൾ ഇ-മെയിൽ വഴി യാത്രക്കാരെ അറിയിച്ചുകൊണ്ടിരിക്കും. നിലവിൽ ഇൗ ഫീച്ചർ അമേരിക്കയിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
google.com/travel എന്ന സഞ്ചാരികൾക്കായുള്ള ഗൂഗ്ളിെൻറ എക്സ്പ്ലോറിങ് പേജിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് വിമാനങ്ങളെ കുറിച്ചും മറ്റും മാത്രം വിവരങ്ങൾ ലഭ്യമായിരുന്ന പേജിലൂടെ കൂടുതൽ സ്ഥലങ്ങളെ കുറിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും അറിയാൻ സാധിക്കും. ചെറുപട്ടണങ്ങളും ദേശീയ പാർക്കുകളുമൊക്കെ google.com/travel - ഇൽ ഇനി കാണാം. എയർപോർട്ടുകളുള്ള സിറ്റികൾ മാത്രമായി കാണണമെങ്കിൽ 'ട്രാവൽ മോഡിൽ' 'ഫ്ലൈറ്റ്സ് ഒാൺലി' എന്ന് സെലക്ട് ചെയ്താൽ മതിയാകും. ഏതെങ്കിലും സ്ഥലം തെരഞ്ഞെടുത്താൽ, അവിടെയുള്ള കോവിഡ് നിയന്ത്രണങ്ങളും അവിടേക്കുള്ള വിമാനങ്ങളുടെ വിവരങ്ങളും ദൃശ്യമാകും. യാത്ര ചെയ്യാൻ ഏറ്റവും പറ്റിയ സമയം, ഹോട്ടലുകൾ തുടങ്ങിയ വിവരങ്ങളും അറിയാം. ഇനി റോഡ് ട്രിപ്പുകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, ഗൂഗ്ൾ മാപ്പിെൻറ ഡെസ്ക്ടോപ്പ് വേർഷനിലും ചില ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.