വിനോദയാത്രക്കാർക്ക് ആനവണ്ടി ആനന്ദമാകുന്നു
text_fieldsപറവൂർ: വിനോദയാത്രക്ക് സാധാരണക്കാരുടെ വാഹനമായ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നു. കൃത്യമായ റൂട്ട് മാപ്, മെച്ചപ്പെട്ട യാത്രസൗകര്യവുമാണ് വിനോദസഞ്ചാരത്തിന് പ്രിയപ്പെട്ട വാഹനമായി ആനവണ്ടി മാറാൻ കാരണമായത്. കുറഞ്ഞ ചെലവിൽ ടൂറിസ്റ്റ് ബസ് വിളിക്കുന്നതുപോലെ കെ.എസ്.ആർ.ടി.സി വിളിച്ചു പോകാമെന്നതും ആനവണ്ടിക്ക് ആവശ്യക്കാർ വർധിക്കുന്നതിന് മറ്റൊരു പ്രത്യേകത. മുസ്രിസ് പൈതൃകപദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി ശ്രദ്ധേയമായിരുന്നു.
ആദ്യ ട്രയൽ ട്രിപ്പിെൻറ ഭാഗമായി കെ.എസ്. ആർ.ടി.സിയുടെ രണ്ട് ബസിലായി നൂറോളം പേർ മുസ്രിസ് മുനക്കൽ ഡോൾഫിൻ ബീച്ച് കാണാൻ എത്തി. ഇതിെൻറ ആവേശം ഉൾക്കൊണ്ട് കഴിഞ്ഞ ദിവസം സമസ്ത കേരള വാര്യർ സമാജം യൂനിറ്റിലെ 51 അംഗങ്ങൾ പറവൂരിൽനിന്ന് മലക്കപ്പാറയിലേക്ക് യാത്ര പോയി. കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര പദ്ധതിയുടെ ഭാഗമായാണ് മലക്കപ്പാറ, മൂന്നാർ സർവിസ് നടത്തുന്നത്. യഥാർഥത്തിൽ ചാലക്കുടിയിൽനിന്നുള്ള സർവിസുകളാണ് ഇത്. 51 പേരുള്ള സംഘമായി യാത്ര ചെയ്യാൻ തയാറാണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ പറവൂരിൽനിന്ന് ഈ സർവിസ് ആരംഭിക്കും. സംഘം എവിടെയാണോ നിൽക്കുന്നത് അവിടെ വന്ന് യാത്രക്കാരെ എടുക്കുമെന്നതും ആനവണ്ടി ടൂറിനെ വേറിട്ടതാക്കുന്നു.
ആളുകൾ 51ൽ കുറവാണെങ്കിലും 51 പേരുടെ പണം കെ.എസ്.ആർ.ടി.സിക്ക് നൽകാൻ തയാറാണെങ്കിൽ യാത്ര കൊണ്ടുപോകും. ഭക്ഷണം ആവശ്യമെങ്കിൽ ഹോട്ടലിൽനിന്ന് കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കാഴ്ചകൾ കാണാൻ ബസ് നിർത്തിക്കൊടുക്കുകയും ചെയ്യും.
അതിരപ്പിള്ളി വ്യൂ പോയന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം വഴി മലക്കപ്പാറയിൽ എത്തി. രാവിലെ ആറിന് പറവൂരിൽനിന്ന് പുറപ്പെട്ട ബസ് രാത്രി 10ന് തിരിച്ചെത്തി. കാര്യങ്ങൾ വിശദീകരിക്കാൻ ചാലക്കുടി ഡിപ്പോയിൽനിന്ന് ഒരു ഗൈഡും ബസിൽ ഉണ്ടായിരുന്നു. വനത്തിലൂടെ യാത്ര രസകരമായിരുന്നെന്ന് സമാജം അംഗങ്ങൾ പറഞ്ഞു. പറവൂരിൽനിന്ന് വാര്യർ സമാജമാണ് ആദ്യമായി ഇത്തരത്തിലൊരു യാത്ര പോയത്. മാങ്കുളം, മാമലക്കണ്ടം വഴിയാണ് മൂന്നാറിലേക്ക് യാത്ര. ചാലക്കുടിയിൽനിന്ന് 750 രൂപയാണ് നിരക്ക്. അതിൽ ഉച്ചഭക്ഷണവും വൈകീട്ടത്തെ ചായയും ഉൾപ്പെടും. പറവൂരിൽനിന്നുള്ള നിരക്ക് തീരുമാനമായിട്ടില്ല. ചാലക്കുടിയിൽനിന്നുള്ള നിരക്കിനെക്കാൾ കൂടുതൽ ആയിരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ബുക്കിങ് നമ്പർ: 90745 03720, 9747557737.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.