ക്ഷമ വേണം, ബാലിയിലേക്ക് യാത്ര പോകാൻ ഇനിയും സമയമെടുക്കും
text_fieldsഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ടെ ഇടമാണ് ബാലി ദ്വീപ്. കുറഞ്ഞ ചെലവിൽ പോകാൻ കഴിയുന്ന വിദേശ ഡെസ്റ്റിനേഷനെന്ന നിലയിൽ ഇന്തോനേഷ്യയിലെ ഈ മരതക ദ്വീപ് എന്നും സഞ്ചാരികളുടെ സ്വപ്ന ലോകമാണ്.
കോവിഡിനെ തുടർന്ന് ഏറെക്കാലമായി അടച്ചിട്ട ബാലി, ആഗസ്റ്റിൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. ദ്വീപിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ സഞ്ചാരികൾക്കായി തുറക്കാൻ ഇനിയും സമയമെടുക്കും.
വാക്സിൻ എടുക്കാത്ത പ്രദേശവാസികളിലാണ് കേസുകൾ വർധിക്കുന്നത്. സാഹചര്യം കൂടുതൽ അനുകൂലമാകുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
'വിദേശ വിനോദ സഞ്ചാരികൾക്ക് ബാലി തുറക്കാനുള്ള പദ്ധതി മാറ്റിവച്ചിരിക്കുകയാണ്. ബാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ അനുവദിക്കുന്നതിന് ഇന്തോനേഷ്യയിലെ നിലവിലെ സാഹചര്യം അനുകൂലമല്ല. ഇവിടെ ടൂറിസം എപ്പോൾ പുനരാരംഭിക്കാമെന്നതിനെക്കുറിച്ചുള്ള തീരുമാനം രാജ്യത്തിനകത്തും പുറത്തും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനെ ആശ്രയിച്ചിരിക്കും. വിനോദസഞ്ചാരം ബാലിയുടെ പ്രാഥമിക വരുമാന സ്രോതസ്സാണെങ്കിലും ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ കഴിയാത്ത അവസ്ഥാണ്' -ബാലി ഗവർണർ വയൻ കോസ്റ്റർ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളിൽ ബാലിയിലെ ശുചിത്വ ക്രമീകരണങ്ങളും കോവിഡ് മാനദണ്ഡങ്ങളും ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ടൂറിസം പങ്കാളികളെ ക്ഷണിച്ചുവരുത്തി കാണിച്ചുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ സഞ്ചാരികൾക്കായി ആഗസ്റ്റിൽ തുറക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചത്. എന്നാൽ, കോവിഡ് കേസുകൾ വർധിച്ചതോടെ ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
കോവിഡിന് മുമ്പ് ബാലിയിൽ വർഷവും 60 ലക്ഷത്തോളം പേരാണ് വന്നിരുന്നത്. ബാലിയിലെ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകളാണ് ഒാരോ വർഷവും ഇവിടേക്ക് എത്താറ്. പ്രകൃതിയും സംസ്കാരവുമാണ് ടൂറിസത്തിെൻറ അടിത്തറ. ബാലിയുടെ 80 ശതമാനം വരുമാനവും ടൂറിസംതന്നെ. എന്നാൽ, കോവിഡ് വന്നതോടെ സകല മേഖലകളും നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.