![everest waste everest waste](https://www.madhyamam.com/h-upload/2021/01/23/853334-everest-waste.webp)
നേപ്പാളിൽനിന്ന് ലോകത്തിനൊരു മാതൃക; എവറസ്റ്റിൽനിന്ന് ശേഖരിച്ച മാലിന്യം കലാരൂപങ്ങളായി മാറുന്നു
text_fieldsമിക്ക നാടുകളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രധാന പ്രശ്നം മാലിന്യ കൂമ്പാരങ്ങളാണ്. സഞ്ചാരികൾ കൂടുന്നതിനനുസരിച്ച് ഇവയുടെ അളവും കൂടിവരുന്നു. ഇവ എങ്ങനെ സംസ്കരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് പലരും. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമാവുകയാണ് നേപ്പാൾ. മാലിന്യ നിർമാർജ്ജനത്തിൽ ലോകത്തിന് തന്നെ മാതൃക കാണിച്ചുനൽകാനുള്ള തയാറെടുപ്പിലാണ് അവർ.
ഇതിന്‍റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ച ടൺകണക്ക് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി രാജ്യം പ്രഖ്യാപിച്ചു. ഇവ ഒരു ഗാലറിയിൽ പ്രദർശിപ്പിക്കും. ഒപ്പം എവറസ്റ്റ് മാലിന്യകൊട്ടയായി മാറുന്നതിൽനിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കും.
അടുത്തിടെ നേപ്പാൾ ഒരു സംഘത്തെ നിയോഗിച്ച് പർവതത്തിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകൾ, പ്ലാസ്റ്റിക് - ഓക്സിജൻ കുപ്പികൾ, ഗോവണികൾ, ക്യാനുകൾ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്. പർവതാരോഹകരും ട്രെക്കിങ് സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ. എവറസ്റ്റിന്‍റെ അറ്റമായ 8848.86 മീറ്റർ ഉയരത്തിൽനിന്ന് വരെ മാലിന്യം ശേഖരിച്ചു.
ഈ മാലിന്യങ്ങളിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്നതിൽ നിരവധി പ്രാദേശിക, വിദേശ കലാകാരന്മാർ പങ്കാളികളാകുമെന്ന് ആർട്ട് പ്രോജക്ട് ഡയറക്ടർ ടോമി ഗുസ്താഫ്‌സൺ പറഞ്ഞു. 'ഈ മാലിന്യങ്ങളെ സമ്പത്തായി മാറ്റുകയാണ് ലക്ഷ്യം. ഖരമാലിന്യങ്ങളെ വിലയേറിയ കലാസൃഷ്ടികളാക്കി മാറ്റുന്നതെങ്ങനെയെന്ന് ഞങ്ങൾ കാണിച്ചുതരാൻ ആഗ്രഹിക്കുന്നു. ഇതോടൊപ്പം തൊഴിൽ, വരുമാനം എന്നിവ സൃഷ്ടിക്കാനാകും.
മാലിന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും അത് കൈകാര്യം ചെയ്യുന്നതിലെ രീതികളും മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 3780 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള പ്രധാന പാതയായ സിയാങ്‌ബോച്ചെയിലാണ് കേന്ദ്രം സജ്ജീകരിക്കുന്നത്. ഉൽപ്പന്നങ്ങൾ സുവനീറുകളായി വിൽക്കുകയും ഈ പണം പരിസ്തിഥി സംരക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും' -ടോമി ഗുസ്താഫ്‌സൺ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.