‘ലോകം കാറിലാക്കി’ അഞ്ചംഗസംഘം ലണ്ടനിൽനിന്നെത്തുന്നു
text_fieldsകോട്ടക്കൽ: ‘ഒരു ട്രിപ് പോകണം, കുറെ രാജ്യങ്ങൾ സന്ദർശിക്കണം, റോഡ് മാർഗമായിരിക്കണം യാത്ര...’ ഇങ്ങനെയൊക്കെയായിരുന്നു അവരുടെ യാത്രചർച്ചകൾ. അങ്ങനെയാണ് അഞ്ചംഗ സംഘം ലണ്ടനിൽനിന്ന് കേരളത്തിലേക്ക് യാത്ര ആരംഭിച്ചത്.
എടരിക്കോട് ഞാറത്തടം ആർ.എം.എൽ ഹൗസിൽ മൊയ്തീൻ, കാടാമ്പുഴ മാറാക്കര മെലാദിനിൽ സുബൈർ, കരേക്കാട് വടക്കേപിടിയക്കൽ മുസ്തഫ, ദുബൈയിൽ ജോലിചെയ്യുന്ന കോട്ടക്കൽ കുറ്റിപ്പാല ഷാഫി തൈക്കാടൻ, ഹുസൈൻ കുന്നത്ത് എന്നിവരാണ് സംഘത്തിലുള്ളത്. മൊയ്തീനും സുബൈറും മുസ്തഫയും യു.കെ പൗരന്മാരാണ്.
50 ദിവസംകൊണ്ട് 13 രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. 28,000 കിലോമീറ്ററുകൾ താണ്ടി ലണ്ടനിൽനിന്ന് റോഡ് മാർഗം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. കേരളാതിർത്തിയിലേക്ക് യാത്ര തുടരുന്ന സംഘം തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം നാട്ടിലെത്തും. വൈകീട്ട് മൂന്നിന് കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് ആവേശകരമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കൂട്ടുകാർ.
സെപ്റ്റംബർ 18നാണ് യാത്രയുടെ തുടക്കം. ഒരാൾക്ക് അഞ്ചുലക്ഷം രൂപയാണ് ചെലവിനായി വകയിരുത്തിയത്. പോർട്ടബ്ൾ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്റും സെറ്റ് ചെയ്ത മെഴ്സിഡസ് ജി-ക്ലാസ് വാഹനമാണ് യാത്രക്ക് തെരഞ്ഞെടുത്തത്. മനോഹര കാഴ്ചകൾ കണ്ട് ഫ്രാൻസ്, ലക്സംബർഗ്, ജർമനി, ഓസ്ട്രിയ, സ്ലൊവീനിയ, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, ഗ്രീസ്, തുർക്കി, ഇറാൻ വഴി പാകിസ്താനിലേക്ക്.
പാകിസ്താനിൽ കടന്നശേഷം ബലൂചിസ്താൻ പ്രവിശ്യ മുതൽ കറാച്ചി വരെ പ്രത്യേക പട്ടാളവാഹനങ്ങളുടെ സുരക്ഷയിലായിരുന്നു യാത്ര. ഏറ്റവുമധികം ദിവസം ചെലവഴിച്ച പാകിസ്താനിൽ ഏറെ സ്നേഹത്തോടെയായിരുന്നു വരവേൽപെന്ന് സംഘം പറഞ്ഞു. ഇന്ത്യക്കാരാണെന്ന് അറിഞ്ഞതോടെ ഹോട്ടലുകളിൽ ഭക്ഷണം സൗജന്യം.
അതേസമയം, സംഘത്തിലെ രണ്ടുപേർക്ക് പാകിസ്താൻ യാത്ര നിഷേധിച്ചത് തിരിച്ചടിയായി. ഇതോടെ ഇറാഖിൽനിന്ന് വിമാനമാർഗം പഞ്ചാബിലെത്തിയാണ് തുടർയാത്രയിൽ പങ്കാളികളായത്. വിസയുടെ പ്രശ്നം അലട്ടിയത് ഇറാനിലും പാകിസ്താനിലും മാത്രമാണെന്നും സംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.