ശ്രീനഗറിൽനിന്ന് യു.എ.ഇയിലേക്ക് നേരിട്ട് വിമാന സർവിസ് വരുന്നു
text_fieldsശ്രീനഗർ: അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക് വീണ്ടും ചുവടുവെക്കാനൊരുങ്ങി ജമ്മു കശ്മീർ. ഇതിന്‍റെ ആദ്യ പടിയായി ശ്രീനഗറിൽനിന്ന് യു.എ.ഇയിലെ ഷാർജയിലേക്ക് നേരിട്ട് വിമാന സർവിസ് ആംഭിക്കുന്നു. ഇരു നഗരങ്ങൾക്കിടയിൽ ആദ്യത്തെ വാണിജ്യ വിമാന സർവിസ് ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി.
ഇത് ജമ്മു കശ്മീരിനും ജനങ്ങൾക്കും ചരിത്രപരമായ ചുവടുവെപ്പായിരിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിദേശ വിനോദ സഞ്ചാരികൾക്ക് നേരിട്ട് ശ്രീനഗറിലെത്താൻ സർവിസ് സഹായിക്കും.
ഇരു നഗരങ്ങളും തമ്മിൽ ധാരാളം വ്യാപാരികൾ നിരന്തരം യാത്ര ചെയ്യാറുണ്ട്. ഇതാണ് ഷാർജയെ തിരഞ്ഞെടുക്കാൻ കാരണം. ഇതിന്‍റെ ഭാഗമായി ഇമിഗ്രിഷേൻ സൗകര്യങ്ങൾ ശ്രീനഗറിൽ സജ്ജമാക്കിയിട്ടുണ്ട്. ഈ സർവിസ് ദുബൈയിലേക്കും അബൂദബിയിലേക്കും എത്തിച്ചേരാനുള്ള സൗകര്യപ്രദമായ ട്രാൻസിറ്റ് പോയിന്‍റായി വർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനഗർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കും. ശ്രീനഗർ എയർപോർട്ടിലെ ടെർമിനൽ 25,000 ചതുരശ്ര മീറ്ററിൽനിന്ന് 63,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. ശ്രീനഗർ വിമാനത്താവളത്തിൽ 1500 കോടി രൂപയും ജമ്മുവിൽ 600 കോടി രൂപയും ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീനഗർ വിമാനത്താവളത്തിൽ 15 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കാർഗോ ടെർമിനൽ ഒക്ടോബർ ഒന്നിന് പ്രവർത്തനക്ഷമമാകും. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. സി.എ.ടി -2 ഐ.എൽ.എസ് സംവിധാനം സ്ഥാപിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയവും ജമ്മു കശ്മീർ ഭരണകൂടവും പ്രതിരോധ മന്ത്രാലയവുമായി ചർച്ച നടത്തും.
ശൈത്യകാലത്ത് എയർ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് പരിശോധിക്കുമെന്ന് സിന്ധ്യ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. ടിക്കറ്റ് നിരക്ക് ഉയരുന്നത് ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടുതൽ സർവിസുകൾ കൊണ്ടുവരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.