കോവിഡിനെ പേടിക്കേണ്ട; 2021ൽ താമസിക്കാൻ കഴിയുന്ന മികച്ച നഗരങ്ങൾ ഇവയാണ്
text_fieldsകോവിഡ് പരത്തിയ ഭീതിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. പല രാജ്യങ്ങളും അടഞ്ഞുകിടക്കുന്നു. ചില രാജ്യങ്ങൾ ഇന്ത്യയിൽനിന്നടക്കം വരുന്നവരെ വിലക്കുന്നു. ആളുകളുടെ ജോലി നഷ്ടപ്പെടുന്നു. രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്നു. ഇങ്ങനെ പലവിധ പ്രതിസന്ധികളിലൂടെയാണ് ലോകം മുന്നോട്ടുപോകുന്നത്.
എന്നാൽ, ഈ ആശങ്കൾക്കിടയിലും സുരക്ഷിതമായ ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലർത്തുന്നവരാണ് പലരും. ഇവരുടെ മനസ്സിൽ ആദ്യം തെളിയുന്ന ചോദ്യം കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്? മാത്രമല്ല, ഉയർന്ന ജീവിതനിലവാരം എവിടെ കണ്ടെത്താനാകും, മികച്ചരീതിയിൽ എവിടെ ജീവിക്കാൻ കഴിയും തുടങ്ങിയവയാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിൻെറ പുതിയ റിപ്പോർട്ട് പറയുന്നത്.
2021ൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ് ആണെന്ന് സർവേ പ്രകാരം ഇവർ കണ്ടെത്തിയിരിക്കുന്നു. 2018, 2019 വർഷങ്ങളിൽ നടന്ന സർവേയിൽ ആസ്ട്രിയയിലെ വിയന്നയായിരുന്നു ഒന്നാംസ്ഥാനത്ത്. എന്നാൽ, ഇത്തവണ വിയന്നക്ക് ആദ്യ പത്തിൽ പോലും ഇടം നേടാൻ സാധിച്ചില്ല. കോവിഡ് ഓസ്ട്രിയയെ സാരമായി ബാധിച്ചതാണ് ഇതിന് കാരണം. 2020ൽ സർവേ നടത്തിയിട്ടില്ല.
ജപ്പാനിലെ ഒസാക്കയാണ് ഈ വർഷം രണ്ടാം സ്ഥാനത്തുള്ളത്. 2019ൽ ഒസാക നാലാം സ്ഥാനത്തായിരുന്നു. പുതിയ പട്ടികയിൽ ആസ്ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അഡ്ലെയ്ഡ് മൂന്നാം സ്ഥാനവും പെർത്ത് ആറാം സ്ഥാനത്തും ബ്രിസ്ബേൻ പത്താം സ്ഥാനത്തുമാണ്. സ്വിറ്റ്സർലൻഡിലെ ജനീവക്കൊപ്പം മെൽബൺ എട്ടാം റാങ്ക് പങ്കിടുന്നു.
ന്യൂസിലാൻഡിലെ വെല്ലിങ്ടൺ ആണ് നാലം സ്ഥാനത്ത്. ടോക്യോ (അഞ്ച്), സൂറിച്ച് (ഏഴ്) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ.
അഞ്ച് മേഖലകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പഠനത്തിന് ആധാരമാക്കിയത്.
കോവിഡിനെതിരെ കടുത്ത നടപടികളാണ് ന്യൂസിലാൻഡ് കൈകൊണ്ടത്. ഇതുവഴി വൈറസിനെ പിടിച്ചുകെട്ടുകയും രാജ്യം വീണ്ടും തുറക്കാനും സാധിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൗരൻമാർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയാണ് ഓക്ലാൻഡിനെയും വെല്ലിങ്ടണെയുമെല്ലാം ആദ്യം പത്തിൽ ഇടംപിടിപ്പിച്ചത്.
കാരക്കാസ് (വെനിസുല), ദൗആല (കാമറൂൺ), ഹരാരെ (സിംബാബ്വെ), കറാച്ചി (പാക്സിതാൻ), ട്രിപ്പോളി (ലിബിയ), അൾജിയേഴ്സ് (അൾജീരിയ), ധാക്ക (ബംഗ്ലാദേശ്), പോർട്ട് മോഴ്സ്ബി (പാപുവ ന്യൂ ഗിനിയ), ലാേഗാസ് (നൈജീരിയ), ഡമാസ്കസ് (സിറിയ) എന്നിവയാണ് ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.