ലോകത്തെ ഏറ്റവും തിരക്കേറിയ പത്തു വിമാനത്താവളങ്ങൾ ഇവയാണ്..പട്ടികയിൽ ഇന്ത്യൻ എയർപോർട്ടും
text_fieldsഡൽഹി: ലോകത്തെ ഏറ്റവും തിരക്കുള്ള പത്തു വിമാനത്താവളങ്ങളുടെ പേരുവിവരങ്ങൾ എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽസ് (എ.സി.ഐ) പുറത്തുവിട്ടപ്പോൾ ഇന്ത്യക്കും അഭിമാന നേട്ടം. ആദ്യ പത്തിൽ ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടും ഇടംകണ്ടെത്തി. എ.സി.ഐയുടെ 2022ലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഡൽഹി എയർപോർട്ട്.
കഴിഞ്ഞ വർഷം മൊത്തം 5,94,90,074 യാത്രക്കാരാണ് ഡൽഹി എയർപോർട്ട് വഴി യാത്ര ചെയ്തതെന്ന് എ.സി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആറു കോടി പേർ യാത്ര ചെയ്ത ലണ്ടൻ ഹീത്രൂ എയർപോർട്ടിന് തൊട്ടുപിന്നിലായാണ് ഡൽഹിയുടെ സ്ഥാനം. പാരിസിലെ ചാൾസ് ഡി ഗോലെ എയർപോർട്ട് ഡൽഹിക്കുപിന്നിൽ പത്താം സ്ഥാനത്താണ്. തിരക്കേറിയ വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ 2021ൽ ഡൽഹി 13-ാം സ്ഥാനത്തായിരുന്നു. 2019ൽ 17-ാമതും.
എ.സി.ഐ ലിസ്റ്റ് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും തിരക്കേറിയ വിമാനത്താവളം യു.എസിലെ അറ്റ്ലാന്റ ഇന്റർനാഷനൽ എയർപോർട്ട് ആണ്. ഒമ്പതുകോടിയിലേറെ യാത്രക്കാരാണ് 2022ൽ അറ്റ്ലാന്റ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. ലിസ്റ്റിലെ ആദ്യ നാലു സ്ഥാനങ്ങളും യു.എസിലെ വിമാനത്താളവങ്ങൾ സ്വന്തമാക്കി. ഏഴു കോടിയിലേറെ യാത്രക്കാരുമായി ഡള്ളാസ് ഫോർട്ട് വർത്ത് എയർപോർട്ടാണ് അറ്റ്ലാന്റക്ക് തൊട്ടുപിന്നിലുള്ളത്. 6.5 കോടിയിലേറെ യാത്രക്കാരുമായി ഡെൻവർ എയർപോർട്ട് മൂന്നാമതെത്തിയപ്പോൾ ചിക്കാഗോ എയർപോർട്ട് നാലാമതെത്തി.
6.61 കോടി യാത്രക്കാരുമായി ദുബൈ എയർപോർട്ടാണ് അഞ്ചാം സ്ഥാനത്തുള്ളത്. യു.എസിന് പുറത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന വിശേഷണവും ദുബൈക്കാണ്. യു.എസിലെ വിമാനത്താവളങ്ങളിൽ 75 മുതൽ 95 ശതമാനം വരെ ആഭ്യന്തര യാത്രക്കാരാണ്. ഇതുവഴിയാണ് തിരക്കേറിയ ആദ്യ പത്തു വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ അഞ്ചു യു.എസ്. എയർപോർട്ടുകൾ ഇടംനേടിയത്. ലോസ് ആഞ്ചൽസ് എയർപോർട്ട് ലിസ്റ്റിൽ ആറാമതുണ്ട്. എന്നാൽ, രാജ്യാന്തര യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തെ ഏറിയ പങ്കും ആശ്രയിച്ചത്. 6.43 കോടി യാത്രക്കാർക്ക് വഴിയൊരുക്കി ഇസ്തംബൂൾ എയർപോർട്ട് ഏഴാമതെത്തി.
ലോകത്തെ ഏറ്റവും തിരക്കേറിയ പത്തു വിമാനത്താവളങ്ങൾ
1. അറ്റ്ലാന്റ ഇന്റർനാഷനൽ എയർപോർട്ട്
2. ഡള്ളാസ് എയർപോർട്ട്
3. ഡെൻവർ ഇന്റർനാഷനൽ എയർപോർട്ട്
4. ചിക്കാഗോ എയർപോർട്ട്
5. ദുബൈ എയർപോർട്ട്
6. ലോസ് ആഞ്ചൽസ് എയർപോർട്ട്
7. ഇസ്തംബൂൾ എയർപോർട്ട്
8. ലണ്ടൻ ഹീത്രൂ എയർപോർട്ട്
9. ഡൽഹി ഇന്റർനാഷനൽ എയർപോർട്ട്
10. പാരിസ് എയർപോർട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.