ചെല്ലുന്നിടത്തെല്ലാം ഇഷ്ടം പോലെ വൈഫൈ, തലങ്ങും വിലങ്ങും വെള്ളക്കാറുകൾ; വിദേശികൾ വിചിത്രനാടായി കരുതുന്ന തുർക്മെനിസ്താൻ
text_fieldsഏത് മുക്കിലും മൂലയിലും ചെന്നാലും വൈഫൈ സുലഭമായി കിട്ടുന്ന ഒരു രാജ്യത്തെ കുറിച്ച് സങ്കൽപിക്കാൻ സാധിക്കുമോ? അതുപോലെ റോഡുകളിൽ വെളുത്ത നിറത്തിലുള്ള കാറുകൾ മാത്രമുള്ള ഒരിടം...തുർക്മെനിസ്താൻ ആണത്, ലോകത്തിലെ ഏറ്റവും രഹസ്യാത്മകമായ രാജ്യം.
മുൻ സോവിയറ്റ് യൂനിയൻ രാജ്യമായിരുന്ന തുർക്മെനിസ്താനിൽ 65 ലക്ഷം ആളുകളാണ് താമസിക്കുന്നത്. കസാഖ്സ്ഥാൻ, ഉസ്ബെകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിര് പങ്കിടുന്നു. 1925 മുതൽ 1991 വരെയായിരുന്നു തുർക്മെനിസ്താൻ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നത്. സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം തുർക്മെനിസ്താൻ ഒരു രാജ്യമായി മാറി. ഏകാധിപതികളായിരുന്നു രാജ്യം ഭരിച്ചിരുന്നത്. സപർമുരത് നിയാസോവ്,ഗുർബാംഗുലി ബെർഡിമുഖമെദോവ്...തുടങ്ങി ആ പട്ടിക നീളുന്നു. ഇപ്പോൾ സെർദർ ബെർദിമുഹമദേവ് ആണ് പ്രസിഡന്റ്.
വലിപ്പത്തിൽ ചെറുതാണെങ്കിലും നിരവധി ചരിത്ര-സാംസ്കാരിക പൈതൃകങ്ങൾ ഉൾക്കൊള്ളുന്നതാണ് തുർക്മെനിസ്താൻ. പൗരാണിക നഗരമായ മെർവ് ഇവിടെയാണ്.
തുർക്മെനിസ്താനിലെ 60 ശതമാനം പൗരൻമാരും തുർക്കിഷ് പാരമ്പര്യമുള്ളവരാണ്. വിനോദസഞ്ചാരികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെങ്കിലും, വിസ ലഭിക്കുന്നതിലെ സങ്കീർണതകൾ വലിയൊരു തടസ്സമാണ്.മറ്റ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതിനാൽ വിദേശീയർ അപൂർവമായേ ഇവിടെയെത്താറുള്ളൂ. അഷ്ഗാബത്ത് ആണ് തലസ്ഥാനം. വെളുത്ത മാർബിളിന്റെ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്. മാർബിളുകളിൽ തീർത്ത കെട്ടിടങ്ങളാണ് നഗരത്തിന്റെ പ്രത്യേകത. വെളുത്ത നിറത്തിലുള്ള മാർബിളുകളാൽ പണിത കെട്ടിടങ്ങളാണ് നഗരത്തിലുടനീളമുള്ളത്. ഇക്കാരണത്താൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ട് അഷ്ഗാബത്ത്. വിസ ലഭിക്കുന്നതിലെ സങ്കീർണതകൾ മൂലം ഏറ്റവും കുറവ് ആളുകൾ സന്ദർശിച്ച സ്ഥലം എന്ന പേരിലും തുർക്മെനിസ്താൻ അറിയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.