തൊടുപുഴ കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം ടോപ് ഗിയറിൽ
text_fieldsതൊടുപുഴ: ആനവണ്ടിയിലെ യാത്ര സാധാരണക്കാരായ മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. അതുകൊണ്ടാണ് ശരാശരി മലയാളിയുടെ പോക്കറ്റ് കാലിയാകാതെ ദൂരയാത്രക്ക് കെ.എസ്.ആര്.ടി.സിയെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നതും. 2021ല്‍ ആരംഭിച്ച ബജറ്റ് ടൂറിസം യാത്ര പാക്കേജുകളിലൂടെ ഇതുവരെ 30,17,105 രൂപയുടെ വരുമാനമാണ് ഇവര്‍ സ്വന്തമാക്കിയത്. 2021 ജൂലൈ 10ന് തൊടുപുഴയില്‍നിന്ന് ഇടുക്കി ഡാം അഞ്ചുരുളി വാഗമണ്‍ സര്‍വിസ് ആരംഭിച്ചതില്‍ പിന്നെ തൊടുപുഴ കെ.എസ്.ആര്.ടി.സിക്ക് റിവേഴ്സ് ഗിയര്‍ ഇടേണ്ടി വന്നിട്ടില്ല. ആദ്യദിനം 37 യാത്രക്കാരെയും കൂട്ടിയാണ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി സാധാരണക്കാരുടെ യാത്രസ്വപ്നങ്ങള്‍ക്ക് ചിറകേകിക്കൊണ്ട് ആകെ 75 യാത്രകള്‍. മലയിടുക്കുകളിലൂടെയും കൊടും വനങ്ങളിലൂടെയും പ്രകൃതിഭംഗി ആസ്വദിച്ച് മൃഗങ്ങളെയും പക്ഷികളെയുമൊക്കെ വഴിയില്‍ സന്ദര്‍ശിച്ചു കോടമഞ്ഞിന്റെ തണുപ്പിലൂടെ ഒരു യാത്ര ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ മലക്കപ്പാറ, ചതുരംഗപ്പാറ, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രകളും തൊടുപുഴയിലെ ആനവണ്ടി സഞ്ചാരികളെയും കൂട്ടി പോയിട്ടുള്ളത്.
കൂടാതെ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം സെല്‍ നടത്തിവരുന്നുണ്ട്. നിലവില്‍ വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മണ്‍റോ തുരുത്ത്, ആലപ്പുഴ, പഞ്ചപാണ്ഡവ ക്ഷേത്രം തുടങ്ങി ആകെ പത്തോളം സ്ഥലങ്ങളിലേക്ക് തൊടുപുഴയില്‍നിന്ന് യാത്രകള്‍ പോകാം. കൂടാതെ പുതിയ മൂന്ന് യാത്രകള്‍ക്കുള്ള അനുമതിക്കായി ബി.ടി.സിയിലേക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് ബി.ടി.സി ജില്ല കോഓഡിനേറ്റര്‍ എന്‍.ആര്. രാജീവ്, യൂനിറ്റ് ഓഫിസര്‍ കെ.പി. രാധാകൃഷ്ണന്, യൂനിറ്റ് കോഓഡിനേറ്റര്‍ എം.എസ്. വിനുരാജ് എന്നിവര്‍ അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9400262204 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.