കാഴ്ചകളിലേക്ക് മിഴി തുറക്കാം; തുടിക്കോട് വാച്ച് ടവർ തുറന്നു
text_fieldsകല്ലടിക്കോട്: കല്ലടിക്കോടൻ മലനിരകളുടെ ഭംഗിയും തുപ്പനാട് പുഴയുടെ ലാസ്യവും കാണാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് തുടിക്കോട് വാച്ച് ടവർ.
കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ മൂന്നേക്കറിനടുത്ത് നിർമിച്ച വാച്ച് ടവർ കോവിഡ് കാല നിയന്ത്രണങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് വിനോദ സഞ്ചാരികൾക്കായി തുറന്നത്. ഈയിടെയാണ് നാലുലക്ഷം ചെലവിട്ട് ടവർ നവീകരിച്ചത്. ഇതിനോട് ചേർന്ന് റോഡും പുനരുദ്ധരിച്ചിട്ടുണ്ട്.
തുപ്പനാട് പുഴയുടെ ഉദ്ഭവകേന്ദ്രമായ മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്ക് തുടിക്കോട് വനാതിർത്തിയിൽ നാല് നിലകളിൽ ഒരുക്കിയ ടവറിൽനിന്ന് കല്ലടിക്കോടൻ മലനിരകളും തുപ്പനാട് പുഴയും മതിവരുവോളം കാണാം. മൂന്നേക്കർ വനം ചെക്ക്പോസ്റ്റിൽനിന്ന് വലത് ഭാഗത്ത് പുഴക്ക് കുറുകെ ചതുപ്പ് നിലങ്ങളിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
120 രൂപയാണ് പ്രവേശന ഫീസ്. സന്ദർശകർ നിശ്ചിത സമയത്തിനിടെയുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ചതിെൻറ രേഖകളോ സന്ദർശനസമയത്ത് കൈയിൽ കരുതണം. രാവിലെ 10.30, 12, 1.30, 2.30 എന്നീ സമയങ്ങളിൽ സന്ദർശനം അനുവദിക്കും. ടൂറിസ്റ്റ് ഗൈഡുകളുടെ സഹായവും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് വനം ഡിവിഷനിലെ ഒലവക്കോട് റേഞ്ചിന് കീഴിലാണ് ഈ വനപ്രദേശം. തുടിക്കോട് വനസംരംക്ഷണ സമിതിയാണ് വനമേഖല പരിപാലിക്കുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയപാതക്കടുത്ത് തുപ്പനാട്ടുനിന്ന് എട്ടര കിലോമീറ്റർ ദൂരമാണ് മീൻവല്ലത്തേക്കുള്ളത്. മീൻവല്ലം മിനി ജലവൈദ്യുത പദ്ധതിയും ഇവിടെ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.