തുമ്പൂർമുഴി ടൂറിസം പദ്ധതി വികസനമില്ലാതെ നശിക്കുന്നു
text_fieldsഅതിരപ്പിള്ളി: തുമ്പൂർമുഴി ഉദ്യാനവും അതിനെ കേന്ദ്രീകരിച്ച ടൂറിസം പദ്ധതികളും വികസനമില്ലാതെ നശിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയ പദ്ധതികൾ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നശിക്കുകയാണെന്നാണ് ആരോപണം. ജില്ല ടൂറിസം വകുപ്പിന് കീഴിലാണ് തുമ്പൂർമുഴി ഉദ്യാനം. തുമ്പൂർമുഴിയെ നഷ്ടത്തിലാക്കാനും തുടർന്ന് ഇവ സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുമാണ് പദ്ധതിയൊരുങ്ങുന്നതെന്നാണ് ആരോപണം.
തൂക്കുപാലം നിർമാണത്തിനു ശേഷം എടുത്തുപറയാവുന്ന നേട്ടങ്ങൾ ഉണ്ടായിട്ടില്ല. കനാലിന് മുകളിലെ നടപ്പാലം നിർമാണവും പ്രളയത്തെ തുടർന്ന് നശിച്ച കുട്ടികളുടെ ഗാർഡനിൽ ചെറിയ രീതിയിലുള്ള നവീകരണവും മാത്രമാണ് നടന്നത്. പുതിയ നിർമാണങ്ങളോ റൈഡുകളോ ഇവിടെ ഉണ്ടാകുന്നില്ല. ശലഭോദ്യാനം ഇവിടത്തെ പ്രധാന ആകർഷണമാണെങ്കിലും പരിപാലനമില്ലാത്തതിനാൽ നാശോന്മുഖമാണ്.
അതിരപ്പിള്ളി -വാഴച്ചാൽ -തുമ്പൂർമുഴി ഡി.എം.സിയുടെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ നടന്നുവന്നിരുന്ന ദൈനംദിന ടൂർ പാക്കേജുകൾ നാളുകളായി കട്ടപ്പുറത്താണ്. ലക്ഷക്കണക്കിന് വിലയുള്ള ബസുകൾ തുരുമ്പെടുക്കുകയാണ്. ലാഭവിഹിതത്തിൽനിന്ന് സ്വന്തമായി ടൂറിസ്റ്റ് വാഹനങ്ങൾ വാങ്ങി കേരളത്തിൽ മാതൃകയായ അതിരപ്പിള്ളി -വാഴച്ചാൽ -തുമ്പൂർമുഴി ഡി.എം.സിയുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു.
ദിനംപ്രതി മലക്കപ്പാറ ജംഗ്ൾ സഫാരി, നെല്ലിയാമ്പതി ഫാം ടൂർ തുടങ്ങി ഏകദിന ടൂർ പാക്കേജുകൾ നടത്തി പ്രതിദിനം 80,000 രൂപയോളം കലക്ഷൻ ഉണ്ടായിരുന്നു. അത് മുടങ്ങിക്കിടക്കുകയാണ്.
കെ.എസ്.ആർ.ടി.സിയെപ്പോലെയുള്ള സ്ഥാപനങ്ങൾ അവരുടെ ഓർഡിനറി ബസ് സർവിസുകൾ വെച്ച് ഉല്ലാസയാത്ര നടത്തി നേട്ടം കൊയ്യുമ്പോഴാണ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനം കെടുകാര്യസ്ഥതമൂലം കൂപ്പുകുത്തുന്നത്. സ്വന്തമായി വാങ്ങിയ അത്യാധുനിക വാഹനങ്ങൾ തുമ്പൂർമുഴി ഉദ്യാനത്തിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.
30 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഒരു വാഹനം ടൂറിസം മന്ത്രി നേരിട്ടുവന്ന് വാഴച്ചാൽ വരെ യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്. തുമ്പൂർമുഴി ഗാർഡൻ പ്രവേശന ഫീസ് ഇനത്തിലും പാർക്കിങ് ഫീസ് ഇനത്തിലും ലഭിക്കുന്ന ലാഭത്തിൽനിന്നാണ് ഈ വാഹനം വാങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.