സഞ്ചാരികളേറെ, പരിമിതികളും
text_fieldsകൊല്ലം: അവധിക്കാലത്തിന് മുന്നോടിയായി കൊല്ലത്ത് ആഭ്യന്തര സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് വിനോദസഞ്ചാര മേഖല ഉണരുന്നു. പുതിയ പ്രതീക്ഷകളും പദ്ധതികളുമായി പച്ചപിടിക്കുകയാണ് വിനോദസഞ്ചാരം. കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ജില്ലയാണ് കൊല്ലം.
കടലും കായലും മലയോരവും മഴക്കാടുകളും ഉൾപ്പെടെ സമ്പുഷ്ടമാണ് ജില്ല. നഗരത്തോട് ചേർന്നുകിടക്കുന്ന അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, സാമ്പ്രാണിക്കോടി, അഡ്വഞ്ചർ പാർക്ക്, പരവൂർ താന്നി, പൊഴിക്കര കടൽത്തീരം, കൊല്ലം ബീച്ച്, അഴീക്കൽ ബീച്ച് തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലയായ ചടയമംഗലത്തെ ജഡായൂ പാറ, തെന്മല എക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിനേന എത്തുന്നത്. കൊട്ടാരക്കര മീൻപിടിപ്പാറ, മലമേൽ അഡ്വഞ്ചർ ടൂറിസം, മുട്ടറ മരുതിമല എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ ഏറെയെത്തുന്നുണ്ട്.
തങ്കശ്ശേരി തുറമുഖത്തിനുള്ളിൽ സൈക്കിൾ ട്രാക്, ബോട്ട്ജെട്ടി, വ്യൂ ടവർ എന്നിവ കാണാൻ തിരക്കേറെയാണ്. മൺറോതുരുത്ത് ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായിമാറിക്കഴിഞ്ഞു. ചെറിയ വള്ളത്തിൽ തുരുത്തിന്റെയും കായലിന്റെയും ഭംഗി ആസ്വദിച്ചുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.
വിശ്രമകേന്ദ്രങ്ങളില്ല; താമസസ്ഥലവും
ജില്ലയിൽ ടൂറിസത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും പരിമിതികളും ഏറെയുണ്ട്. ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും താമസസ്ഥലമോ വിശ്രമകേന്ദ്രമോ ഇല്ല. ഡി.ടി.പി.സിക്കോ പഞ്ചായത്തുകൾക്കോ റവന്യൂ ഭൂമിയിയുടെ അപര്യാപ്തത ഈ മേഖലയെ പിന്നോട്ട് വലിക്കുന്നതായി അധികൃതർ പറയുന്നു. അഴീക്കൽ ബീച്ചിൽ വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സൗകര്യങ്ങളില്ലാത്തതിനാൽ സഞ്ചാരികൾ വലയുകയാണ്. നിരവധി കുട്ടികളും പ്രായമായവരുമുൾപ്പെടെ ബീച്ചിലെത്താറുണ്ട്. ഇവരാണ് ബുദ്ധിമുട്ടുന്നതിലേറെയും. സൗകര്യങ്ങൾ ഒരുക്കിനൽകാൻ പദ്ധതി രൂപവത്കരിച്ചെങ്കിലും സ്ഥലപരിമിതിയാണ് വകുപ്പിന് വെല്ലുവിളിയാകുന്നത്.
ജില്ലയിൽ വിദേശസഞ്ചാരികളുൾപ്പെടെ എത്തിച്ചേരുന്ന മൺറോതുരുത്തിലാകട്ടെ ഇരിപ്പിടങ്ങളോ സഞ്ചാരികൾക്ക് വിശ്രമിക്കാനോ ഭക്ഷണവും കുടിവെള്ളവും വാങ്ങാനും ഇരുന്ന് കഴിക്കാനും സൗകര്യമോ ഇല്ല. ഇവിടേക്കെത്തുന്നവർ കടത്തിണ്ണകളിലും മറ്റ് മരച്ചുവടുകളിലുമിരുന്നാണ് വിശ്രമിക്കാറ്.
രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ ചെറിയ വള്ളത്തിലുൾപ്പെടെ കണ്ടൽതുരുത്തിലേക്ക് പോകാൻ ധാരാളം പേർ എത്തുന്നുണ്ട്. ഒഴിവുദിവസങ്ങളിലാണ് കൂടുതൽ പേരെത്തുന്നത്.
കൊല്ലത്തുനിന്ന് ആലപ്പുഴക്ക് ബോട്ട് സർവിസ് നിലച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വിദേശ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച ഈ സർവിസിലേക്ക് ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിച്ചാൽ ജലഗതാഗത വകുപ്പിനും നേട്ടമാകും.
കൊല്ലം ബീച്ചിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പൈട്ട് സി.സി.ടി.വി സഥാപിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. കൊല്ലം നഗരത്തെയും കിഴക്കൻ മേഖലയായ പുനലൂരുമായി ബന്ധിച്ച് ബയോഡൈവേഴ്സിറ്റി സർക്കിളിന്റെ ഒന്നാംഘട്ടമായ കൊല്ലം മുതൽ കൊട്ടാരക്കര വരെയുള്ള ഡി.പി.ആറിന് സർക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
രണ്ടാംഘട്ടമായി കൊട്ടാരക്കര മുതൽ പുനലൂർ വരെയുള്ള പദ്ധതികളുടെ ഡി.പി.ആർ അനുമതിക്കായി സർക്കാറിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ പറയുന്നു. പാലത്തിന് താഴ്ഭാഗം മോടിപിടിപ്പിക്കൽ സംസ്ഥാനതല പദ്ധതിയുടെ ആദ്യഘട്ടം കൊല്ലം ജില്ലയിലെ എസ്.എൻ കോളജിന്റെ മുന്നിലെ പാലത്തിന്റെ അടിയിലാണ് നടപ്പാക്കുന്നത്. ഇതിലേക്ക് രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യപങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപ വികസന പദ്ധതി നടപ്പാക്കുമെന്നുമുള്ള ധനമന്ത്രിയുടെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം കൊല്ലത്തിനും പ്രതീക്ഷ നൽകുന്നതാണ്. കൊല്ലത്തിനും നിരവധി ടൂറിസം പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ കൊല്ലം, മൺറോതുരുത്ത് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.