വിനോദസഞ്ചാരം: ലക്ഷങ്ങൾ വാരി കെ.എസ്.ആർ.ടി.സി
text_fieldsകൽപറ്റ: വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയിലേക്ക് ആദ്യമായി ചുവടുവെച്ച 2022ൽ ലക്ഷങ്ങൾ വാരി കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകളിലൂടെയും പ്രത്യേക ജംഗിൾ സഫാരിയിലൂടെയുമായി 12.52 ലക്ഷത്തോളം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഈ വർഷം വരുമാനമായി ലഭിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മൂന്നാറിൽ പരീക്ഷിച്ച് വിജയിച്ച സ്ലീപ്പർ ബസിലെ താമസ സൗകര്യം ബത്തേരിയിലാരംഭിച്ചത്. മൂന്നു സ്ലീപ്പർ ബസുകളിൽനിന്നായി കഴിഞ്ഞ നാലരമാസത്തിനിടെ 6.71 ലക്ഷത്തോളം രൂപയാണ് വരുമാനം. ഒക്ടോബർ 15ന് ആരംഭിച്ച ജംഗിൾ സഫാരിയിലൂടെ കഴിഞ്ഞ രണ്ടരമാസം കൊണ്ട് 5.81 ലക്ഷത്തോളം രൂപയും വരുമാനമായി ലഭിച്ചു.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ നടപ്പാക്കിയ ഈ രണ്ട് പദ്ധതികളും ഹിറ്റായതോടെ പുതുവർഷത്തിൽ മാനന്തവാടി ഡിപ്പോയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. മാനന്തവാടി ഡിപ്പോ കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന സ്ലീപ്പർ ബസുകളൊരുക്കാനും ഇതോടൊപ്പം മാനന്തവാടിയിലെ വനമേഖലയോട് ചേർന്നുള്ള പാതകളിലൂടെ നൈറ്റ് ജംഗിൾ സഫാരി തുടങ്ങാനുമാണ് പദ്ധതി.
2022ൽ വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുവരുകയും സ്ലീപ്പർ ബസും ജംഗിൾ സഫാരിയും ജനങ്ങൾ ഏറ്റെടുത്തുവെന്നും 2023ൽ മാനന്തവാടിയിലേക്ക് കൂടി രണ്ട് പദ്ധതിയും വ്യാപിപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി വയനാട് ക്ലസ്റ്റർ ഓഫിസർ ജോഷി ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു.
ചുരുങ്ങിയ ചെലവില്‍ വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാർക്കും താമസിക്കുന്നതിനാണ് ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ് ഒരുക്കിയത്.ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ എ.സി ഡോർമെറ്ററികളോടെയുള്ള മൂന്ന് ബസുകളാണുള്ളത്. കുടുംബസമേതം താമസിക്കാനായി പ്രത്യേകം രണ്ട് എസി മുറികളും ഒരുക്കിയിട്ടുണ്ട്. 150 രൂപയാണ് ഒരു ദിവസത്തെ നിരക്ക്.
സ്ലീപ്പർ ബസിൽ താമസിക്കുന്നവർക്കായും മറ്റു വിനോദസഞ്ചാരികൾക്കുമായാണ് ബത്തേരിയിൽ വൈൽഡ് ലൈഫ് നൈറ്റ് സഫാരി (ജംഗിൾ സഫാരി) ആരംഭിച്ചത്.വൈകീട്ട് 6.30ന് ബത്തേരി ഡിപ്പോയിൽനിന്ന് ആരംഭിച്ച് മുത്തങ്ങ, ഇരുളം റൂട്ടുകളിലായി രാത്രി ഒമ്പതുവരെയാണ് പ്രത്യേക ബസിൽ യാത്ര. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.